Sunday, November 24, 2024

ഇസ്ലാമിക ആക്രമണം: വിദ്യാഭ്യാസം അനിശ്ചിതത്വത്തിലായി കോംഗോയിലെ മുപ്പതിനായിരത്തിലധികം കുട്ടികള്‍

ഇസ്ലാമിക തീവ്രവാദികളുടെ തുടര്‍ച്ചയായി ഉള്ള ആക്രമണം മൂലം വിദ്യാഭ്യാസം തുടരുവാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ മുപ്പതിനായിരത്തിലധികം കുട്ടികള്‍. തുടര്‍ച്ചയായ ആക്രമണങ്ങള്‍ മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ്.

കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്ക് നോര്‍ത്ത് കിവു പ്രവിശ്യയിലെ ബെനി ഏരിയയിലെ മംഗീനയിലെ റൂറല്‍ മുനിസിപ്പാലിറ്റിയില്‍ എ ഡി എഫ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ മൂന്നിന് ആക്രമണകാരികള്‍ നശിപ്പിച്ച കെട്ടിടങ്ങളില്‍ ഭാഗികമായി അഗ്‌നിക്കിരയായ പ്രാദേശിക ആരോഗ്യ കേന്ദ്രവും ഒരു ഡസനോളം വീടുകളും വാണിജ്യ കെട്ടിടങ്ങളും ഉള്‍പ്പെടുന്നു.

‘അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്’ (എഡിഎഫ്) ഒരു ഉഗാണ്ടന്‍ വിമത ഗ്രൂപ്പാണ്, അത് വടക്കന്‍ കിവുവിലും ഇറ്റൂരിയിലും വളരെക്കാലമായി തുടരുകയും അവിടത്തെ പ്രാദേശിക ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്യുന്നു. 2019-ല്‍, എഡിഎഫ് ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം പ്രഖ്യാപിച്ചിരുന്നു. എഡിഎഫ് തീവ്രവാദികള്‍ ഇറ്റൂരിലെ ഇരുമു പ്രദേശത്തു നിന്നും നോര്‍ത്ത് കിവിലെ എരിങ്ങേറ്റി പ്രദേശത്തു നിന്നും പതിനൊന്നായിരം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു.

സ്‌കൂള്‍ ഇന്‍സ്പെക്ടര്‍മാരുടെ ഒരു സംഘം അടുത്തിടെ നടത്തിയ അന്വേഷണത്തില്‍, ഈ പ്രദേശങ്ങളിലെ എഴുപത്തിയൊമ്പത് പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകള്‍ സുരക്ഷിതമല്ലാത്ത സാഹചര്യം കാരണം അടച്ചുപൂട്ടി. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ചിലത് കലാപകാരികള്‍ അഗ്‌നിക്കിരയാക്കി. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

 

Latest News