തന്റെ മക്കളെ വധിച്ചതുകൊണ്ട് വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഹമാസ് വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്ന് ഹമാസിന്റെ പരമോന്നത നേതാവ് ഇസ്മയില്‍ ഹനിയ വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി നെതന്യാഹു അടക്കമുള്ള ഉന്നത നേതാക്കളെ അറിയിക്കാതെയാണ് ഇസ്രേലി സേന ഹനിയയുടെ മക്കളെ വധിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞദിവസം ഹനിയയുടെ മൂന്നു മക്കളും നാല് കൊച്ചുമക്കളും ഇസ്രേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗാസാ സിറ്റിക്കടുത്ത് അല്‍ ഷാറ്റി അഭയാര്‍ഥി ക്യാന്പിനു സമീപം ഇവര്‍ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു. ഹനിയയുടെ മക്കളായ ഹസീം, അമീര്‍, മുഹമ്മദ്, കൊച്ചുമക്കളായ മോന, അമാല്‍, ഖാലിദ്, റേസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മക്കള്‍ ഹമാസിന്റെ സായുധസേനയില്‍ അംഗങ്ങളായിരുന്നുവെന്ന് ഇസ്രേലി സേന അറിയിച്ചു.
ഈജിപ്തില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഹമാസിന്റെ കസ്റ്റഡിയിലുള്ള 40 ബന്ദികളെ വിട്ടയയ്ക്കുന്നതിനു പകരം ഇസ്രേലി ജയിലുകളിലുള്ള 900 പലസ്തീന് തടവുകാരെ മോചിപ്പിക്കുന്ന കാര്യമാണു പരിഗണിക്കുന്നത്. 40 ബന്ദികള്‍ തങ്ങളുടെ പക്കലില്ലെന്ന് ഹമാസ് അറിയിച്ചുവെന്നും ബന്ദികളില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടിരിക്കാമെന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വര്‍ഷങ്ങളായി ഖത്തറില്‍ വസിക്കുന്ന ഹനിയ 2017 ലാണ് ഹമാസിന്റെ പോളിറ്റ് ബ്യൂറോ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്ക 2018ല്‍ ഹനിയയെ തീവ്രവാദിയായി മുദ്രകുത്തിയിരുന്നു. ഹനിയയുടെ മറ്റൊരു മകന് ഫെബ്രുവരിയിലും കൊച്ചുമകന് നവംബറിലും കൊല്ലപ്പെട്ടിരുന്നു. ഹനിയയുടെ സഹോദരനും അനന്തരവനും ഒക്ടോബറില്‍ കൊല്ലപ്പെട്ടു.