ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചെന്നും ഇനി ഹമാസാണ് ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിന് ശേഷമുള്ള തന്റെ ഒമ്പതാമത്തെ പര്യടനത്തിലാണ് ബ്ലിങ്കന്‍. നിര്‍ദിഷ്ട കരാല്‍ ഒരു ഹ്രസ്വകാല ഏര്‍പ്പാട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്തുത കരാറില്‍ എല്ലാം വിശദമായി പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. മെയ് അവസാനം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ട് വച്ച ഒരു നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് കരാര്‍ തയാറാക്കിയിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ബന്ദികളെ ഉപദ്രവിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചര്‍ച്ചകള്‍ പാളം തെറ്റാനുള്ള സാധ്യത ഉയരുകയും ചെയ്യുന്നുണ്ടെങ്കിലും യുഎസ് ഒരിക്കലും ശ്രമങ്ങള്‍ ഉപേക്ഷിക്കില്ല എന്നും ബ്ലിങ്കന്‍ പറഞ്ഞു.
ഇറാനും ഹിസ്ബുള്ളയും ഇസ്രായേല്‍ നടത്തിയെന്ന് പറയുന്ന സമീപകാല കൊലപാതകങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇത്തരമൊരു ആക്രമണം ഒഴിവാക്കാന്‍ കൂടിയാണ് ബ്ലിങ്കന്‍ ജെറുസലേം സന്ദര്‍ശിച്ചത്.