ഗാസയിലെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ പൗരന്മാര്‍ക്ക് മാലദ്വീപ് പ്രവേശന വിലക്കേര്‍പ്പെടുത്തിയതോടെ അവിടെ കഴിയുന്ന പൗരന്മാര്‍ ഉടന്‍ രാജ്യംവിടണമെന്ന നിര്‍ദേശവുമായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം. ”നിലവില്‍ മാലദ്വീപിലുള്ള ഇസ്രായേല്‍ പൗരന്മാര്‍ക്ക് എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍ അവരെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും” -വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരട്ടപൗരത്വമുള്ളവരാണെങ്കിലും ദ്വീപ് രാഷ്ട്രത്തിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച നടന്ന മാലദ്വീപ് മന്ത്രിസഭ യോഗത്തിലാണ് ഇസ്രായേലികള്‍ക്ക് പ്രവേശന നിരോധനം പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം 10ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ എത്തുന്ന ദ്വീപില്‍, ഇസ്രായേലില്‍ നിന്ന് ഏകദേശം 15,000 വിനോദസഞ്ചാരികള്‍ എത്താറുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.