Sunday, November 24, 2024

തെക്കന്‍ ഗസ്സയിലെ റഫ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കാന്‍ ഇസ്രായേല്‍

അഭയാര്‍ഥികള്‍ ഉള്‍പ്പെടെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തെക്കന്‍ ഗാസയിലെ റഫ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കാന്‍ ഇസ്രായേല്‍. ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് റഫയില്‍ കരയാക്രമണത്തിന് ഇസ്രായേല്‍ ഒരുങ്ങുന്നത്. നാല് മാസത്തിലേറെയായി തുടരുന്ന അധിനിവേശം വിജയിക്കണമെങ്കില്‍ റഫയിലെ ഹമാസ് കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

ഹമാസിന്റെ അവശേഷിക്കുന്ന കേന്ദ്രങ്ങളാണ് ഇനി ലക്ഷ്യമെന്നും അതിനുള്ള തയ്യാറെടുപ്പിലാണെന്നും നെതന്യാഹു അഭിമുഖത്തില്‍ പറഞ്ഞു. ആക്രമണത്തിന് മുന്നോടിയായി സാധാരണക്കാരെ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. റാഫയില്‍ നടത്തുന്ന ആക്രമണം മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്ര സഭ, യൂറോപ്യന്‍ യൂനിയന്‍, യു എസ്, അറബ് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.

റാഫ ആക്രമിച്ചാല്‍ അപകടകരമായ പ്രത്യാഘാതമുണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ യുഎന്‍ രക്ഷാസമിതി ഇടപെടണമെന്നും സൗദി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ബോധപൂര്‍വമായ ലംഘനമാണ് നടക്കുന്നതെന്നും വെടിനിര്‍ത്തലിനുള്ള ആഹ്വാനം അംഗീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

റാഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രായേലുമായുള്ള സമാധാന ഉടമ്പടി റദ്ദാക്കേണ്ടി വരുമെന്ന് ഈജിപ്തും മുന്നറിയിപ്പ് നല്‍കി. റാഫക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും യുദ്ധത്തടവുകാരെ കൈമാറുന്ന അനുരഞ്ജന ചര്‍ച്ചകളെ തകര്‍ക്കുമെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് വ്യക്തമാക്കി.

 

Latest News