Sunday, November 24, 2024

ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന് വന്‍ തിരിച്ചടി; 24 സൈനികര്‍ കൊല്ലപ്പെട്ടു

പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന് വന്‍ തിരിച്ചടി. യുദ്ധം തുടങ്ങി 100 ദിവസം പിന്നിട്ട വേളയിലാണ് ശക്തമായ തിരിച്ചടി ഇസ്രായേല്‍ സൈന്യത്തിന് നേരെയുണ്ടായിരിക്കുന്നത്. 24 സൈനികര്‍ രണ്ട് സംഭവങ്ങളിലായി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ സൈനിക വക്താവ് സ്ഥിരീകരിച്ചു. ആദ്യമായിട്ടാണ് ഗാസയില്‍ ഇങ്ങനെ ഒരു സംഭവമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400 ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികരും ഇതില്‍പ്പെടും. പിന്നീട് ഗാസയിലേക്ക് ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കുകയായിരുന്നു. 25000 പലസ്തീന്‍കാരാണ് ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.

100 ദിവസം ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയിട്ടും ഹമാസ് സൈനികമായി നീങ്ങുന്നു എന്നത് ഇസ്രായേല്‍ സര്‍ക്കാരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കരയാക്രമണം തുടങ്ങിയ ശേഷം നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പലപ്പോഴായി 250ലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിനിടെയാണ് ഒരു ദിവസം മാത്രം 24 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്.

Latest News