ഗാസയിലേക്ക് കടന്നാക്രമണം ആരംഭിച്ചതിനുശേഷം സിറിയയിലും ലബനനിലുമുള്ള ആയിരക്കണക്കിന് ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍. സിറിയയില്‍ 50 കേന്ദ്രങ്ങളിലേക്കും ലബനനില്‍ 3400 കേന്ദ്രങ്ങളിലേക്കുമാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഗാസയിലേക്ക് ഇസ്രായേല്‍ കടന്നാക്രമണം ആരംഭിച്ചതുമുതല്‍ വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്രായേലും ലബനനിലെ ഹിസ്ബുള്ളയും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ ലബനനില്‍ 218 പേര്‍ കൊല്ലപ്പെട്ടു. ചെറിയ പ്രകോപമുണ്ടായാല്‍പ്പോലും വലിയ ആക്രമണം നടത്താന്‍ തങ്ങള്‍ സജ്ജരാണെന്നും ഹിസ്ബുള്ളയ്ക്ക് ഇസ്രായേല്‍ സൈന്യം ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി.