Thursday, May 15, 2025

ഉന്മൂലനം സ്വയം പ്രതിരോധമെന്ന് ഇസ്രയേല്‍ ; വംശഹത്യ കേസില്‍ നീതിന്യായ കോടതിയില്‍ വാദം പൂര്‍ത്തിയായി

ഗാസയില്‍ തുടരുന്ന വംശഹത്യയെ തങ്ങളുടെ പ്രതിരോധമെന്ന് വിശേഷിപ്പിച്ച് ന്യായീകരണവുമായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐസിജെ) ഇസ്രയേല്‍ വാദം. ഗാസയിലെ ഇസ്രയേല്‍ വംശഹത്യ തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ അവസാനദിവസമാണ് ഇസ്രയേലിന്റെ വാദം നടന്നത്.

ആദ്യദിനമായ വ്യാഴാഴ്ച ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരായ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം വിധി പറയുമെന്ന് ഐസിജെ പ്രസിഡന്റ് യുവാര്‍ ഇ ഡോനോഷെ പറഞ്ഞു. ഇന്ത്യക്കാരനായ ദല്‍വീര്‍ ബണ്ഡാരി അടക്കം 17 ജഡ്ജിമാരുടെ പാനലാണ് കേസ് പരിഗണിച്ചത്.

ദക്ഷിണാഫ്രിക്ക വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്ന് ഇസ്രയേല്‍ വിദേശമന്ത്രാലയത്തിന്റെ നിയമോപദേശകനായ ടാല്‍ ബെക്കര്‍ ആരോപിച്ചു. വംശഹത്യ എന്ന പദം തങ്ങള്‍ക്കെതിരെ ആയുധമാക്കുകയാണെന്നും ഹമാസ് കൂട്ടക്കൊലയുടെ മൊത്തക്കച്ചവടം നടത്തിയെന്നും ബെക്കര്‍ ആരോപിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം സ്വയം പ്രതിരോധിക്കാനുള്ള തങ്ങളുടെ അവകാശത്തിന് എതിരാണ്. പല രാജ്യങ്ങളും ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടപടിയെടുക്കണമെന്നും ബെക്കര്‍ ആവശ്യപ്പെട്ടു.

സ്വയം പ്രതിരോധം വംശഹത്യക്കുള്ള ഉത്തരമല്ലെന്നും അതിന് ന്യായീകരണമില്ലെന്നും ദക്ഷിണാഫ്രിക്കന്‍ നീതിന്യായ മന്ത്രി റൊണാള്‍ഡ് ലമോള കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Latest News