Thursday, October 10, 2024

സിൻവാറിനെ ഇല്ലാതാക്കാൻ അവസരമുണ്ടായിട്ടും ഇസ്രായേൽ ഒഴിവാക്കിയത് ബന്ദികളുടെ സുരക്ഷയ്ക്കായി: വെളിപ്പെടുത്തലുമായി N 12 ന്യൂസ്

ഹമാസ് നേതാവ് യഹ്യ സിൻവാറിനെ ഉന്മൂലനം ചെയ്യാൻ ഇസ്രായേലിന് അവസരം ലഭിച്ചിരുന്നുവെങ്കിലും ഭീകര സംഘടനയുടെ തടവിൽ കഴിയുന്ന ബന്ദികളുടെ സുരക്ഷയ്ക്കായി അതൊഴിവാക്കുകയായിരുന്നു എന്ന് N 12 ന്യൂസ് റിപ്പോർട്ട്. ഞായറാഴ്ച N 12 ന്യൂസ് പുറത്തുവിട്ട എക്സ്ക്ലൂസീവ് റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

N12 റിപ്പോർട്ടനുസരിച്ച്, സിൻവാറിനെ വധിക്കാൻ അപൂർവമായ അവസരം ഇസ്രായേലിനു ലഭിച്ചിരുന്നു. എന്നാൽ തീവ്രവാദ നേതാവ് ആയിരുന്ന അതേ പ്രദേശത്ത് ബന്ദികൾ ഉണ്ടായിരുന്നതിനാൽ അവരുടെ സുരക്ഷയ്ക്കായി ആ നീക്കം ഒഴിവാക്കുകയായിരുന്നു. ടെഹ്‌റാനിലെ ഹനിയയുടെ കൊലപാതകത്തെത്തുടർന്ന് ഹമാസിൻ്റെ മുൻ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയിൽ നിന്ന് ചുമതല ഏറ്റെടുത്ത സിൻവാർ ഗാസയ്ക്ക് സമീപമുള്ള തുരങ്കങ്ങളിൽ ഒളിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

ഇസ്രായേൽ തന്നെ ഉപദ്രവിക്കാതിരിക്കാൻ ബന്ദികളെ കവചങ്ങളായി ഉപയോഗിച്ച് സിൻവാർ അവർക്കൊപ്പം ഒളിവിലിരിക്കുകയാണെന്നു N 12 ന്യൂസ് ആരോപിക്കുന്നു. സൗദി സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലായ അൽ അറബിയ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ട ഇസ്രായേൽ വ്യോമാക്രമണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം യഹ്യ സിൻവാർ ഗാസ മുനമ്പിലേക്ക് മാറിയിരുന്നു.

സിൻവാറിൻ്റെ മരണസാധ്യത സംബന്ധിച്ച് കഴിഞ്ഞ ആഴ്‌ചയിലുടനീളം ചർച്ചകൾ നടന്നിരുന്നു എങ്കിലും ഇയാൾ ജീവനോടെയുണ്ടെന്നു ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. സിൻവാർ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്ന് മരണ സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്ന് ഐഡിഎഫ് കഴിഞ്ഞ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News