ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ തലെബ് അബ്ദുള്ളയെ ഇസ്രയേല്‍ സേന വധിച്ചതായി റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ലബനനില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ കമാന്‍ഡറെയും മറ്റ് മൂന്ന് ഹിസ്ബുള്ള ഭീകരരെയും വധിച്ചതായി സേന അറിയിക്കുകയായിരുന്നു. ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രേലിസേന വധിക്കുന്ന രണ്ടാമത്തെ സീനിയര്‍ ഹിസ്ബുള്ള കമാന്‍ഡറാണ് അബ്ദുള്ള. വിസാം അല്‍ താവി എന്ന മറ്റൊരു കമാന്‍ഡറെ ജനുവരിയില്‍ വധിച്ചിരുന്നു.
ഇതിനു പ്രതികാരമായി ഇന്നലെ രാവിലെ ഹിസ്ബുള്ള വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷം നടത്തി. തൊണ്ണൂറോളം റോക്കറ്റുകള്‍ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറെ മിസ്സൈലുകളെ വെടിവച്ചിട്ടതായി ഇസ്രേലി സേന അറിയിച്ചു. എന്നാല്‍ കുറെയെണ്ണം ഇസ്രേലി ഭൂമിയില്‍ പതിച്ച് തീപിടിത്തമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച ഇസ്രേലിസേനയുടെ ഡ്രോണ്‍ വീഴ്ത്തുന്നതിന്റെ വീഡിയോ ഹിസ്ബുള്ള പുറത്തുവിട്ടിരുന്നു. 2023 ഒക്ടോബര്‍ 8 മുതല്‍ ലെബനന്-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍-ഹിസ്ബുള്ള സേനകള്‍ വെടിവയ്പ്പ് നടത്തുകയാണ്.