ഗാസയില്‍ കുട്ടികളുടെ കളിസ്ഥലം റോക്കറ്റ് നിര്‍മ്മിക്കുന്ന കേന്ദ്രമാക്കി മാറ്റി ഹമാസ് ഭീകരര്‍. വേദനാജനകമായ ദൃശ്യങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേനയാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. കുട്ടികളുടെ കളിസ്ഥലത്ത് വച്ച് റോക്കറ്റ് നിര്‍മ്മിച്ചതിന്റെയും പരീക്ഷിച്ചതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാന്‍ കഴിയും. എക്‌സിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
‘ഗാസയില്‍ ഇതാണ് നമ്മള്‍ കണ്ടത്, കുട്ടികളുടെ കളി സ്ഥലത്ത് ഹമാസ് ഭീകരരുടെ റോക്കറ്റ് പരീക്ഷണം. വിശ്വസിക്കണമെങ്കില്‍ നിങ്ങള്‍ ഇത് കാണണം.’- വീഡിയോ പങ്കുവെച്ചു കൊണ്ട് ഐഡിഎഫ് കുറിച്ചു.
വടക്കന്‍ ഗാസയിലെ കരയാക്രമണത്തില്‍ ഹമാസിന്റെ ശക്തി കേന്ദ്രം പിടിച്ചെടുത്തതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഹമാസുമായി ബന്ധപ്പെട്ട 450 കേന്ദ്രങ്ങള്‍ ഇതുവരെ തകര്‍ത്തു. ഹമാസിന്റെ നിരീക്ഷണ പോസ്റ്റുകള്‍, പരിശീലന ഗ്രൗണ്ടുകള്‍, തുരങ്കങ്ങള്‍ എന്നിവയടങ്ങിയ കോമ്പൗണ്ടാണ് ഇസ്രായേല്‍ പിടിച്ചെടുത്തത്. ഇവിടെയുണ്ടായിരുന്ന ഭീകരരെയും വക വരുത്തി.
ഗാസ പൂര്‍ണമായും ഇസ്രായേല്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. കൂടാതെ ഹമാസിന്റെ പ്രത്യേക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഭീകരന്‍ ജമാല്‍ മൂസയെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചു.