വെസ്റ്റ് ബാങ്കിലെ മൂന്ന് അഭയാർഥി ക്യാമ്പുകളിലെ താമസക്കാരെ പുറത്താക്കി ഇസ്രായേൽ. ജെനിൻ, തുൽകർം, നൂർ ഷംസ് എന്നിവിടങ്ങളിലെ ക്യാമ്പുകൾ ഇപ്പോൾ ‘ശൂന്യമാണ്’ എന്നും വരുംവർഷത്തേക്ക് അവ ഇസ്രായേൽ സൈന്യം കൈവശം വയ്ക്കുമെന്നും പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
2002 നുശേഷം ആദ്യമായി ജെനിൻ നഗരത്തിനുചുറ്റും ഒരു ടാങ്ക് ഡിവിഷൻ വിന്യസിച്ചുകൊണ്ട് ജനുവരി മുതൽ ഇസ്രായേൽ സൈന്യം വടക്കൻ വെസ്റ്റ് ബാങ്കിൽ ഒരു വലിയ ഓപ്പറേഷൻ നടത്തുന്നുണ്ട്. പലസ്തീൻ അധികാരികൾ ഈ നീക്കത്തെ അപലപിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ പ്രവർത്തനം 40,000 ആളുകളെ ‘നിർബന്ധിതമായി കുടിയിറക്കാൻ’ കാരണമായി എന്ന് യു എൻ റിപ്പോർട്ട് ചെയ്തു.
ഡ്രോണുകൾ, ടാങ്കുകൾ, പ്രത്യേക സേനകൾ, അതിർത്തി പൊലീസ്, രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിൽ നിന്നുള്ള പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ഇസ്രായേൽ സൈന്യം ഈ മേഖലയിൽ തങ്ങളുടെ ‘ആക്രമണ പ്രവർത്തനങ്ങൾ’ വിപുലീകരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ മേഖലയിൽ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സൈന്യത്തോട് ഉത്തരവിട്ടു. അഭയാർഥി ക്യാമ്പുകളിൽനിന്ന് പലസ്തീനികളെ പുറത്താക്കിയത് വ്യാപകമായ അപലപത്തിനു കാരണമായി.