ഹമാസ് ഭീകരരുടെ വീടുകളും ആശുപത്രികളും തമ്മില്‍ ഭൂമിക്കടിയിലൂടെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം. ഗാസയിലെ റാന്റിസി ആശുപത്രിയിലേക്കു നയിക്കുന്ന ഹമാസിന്റെ ടണലാണ് സൈന്യം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇസ്രയേല്‍ സൈനികവക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കൂട്ടക്കൊല നടത്തിയ ഹമാസിന്റെ നാവികപ്രവര്ത്തനങ്ങള്ക്ക് നേതൃത്വംനല്‍കിയ ഭീകരന്റെ വീടിന് തൊട്ടടുത്താണ് തുരങ്കമെന്ന് സൈനികവക്താവ് പറഞ്ഞു. ഈ തുരങ്കങ്ങള്‍ക്കുള്ളില്‍ ഹമാസ് ഭീകരര്‍ ഒളിക്കുകയും ബന്ദികളെ പാര്‍പ്പിക്കുകയും ചെയ്യുന്നതായും ഇസ്രയേല്‍ സുരക്ഷാസേന പറഞ്ഞു. സോളാര്‍ പാനലുകളുടെ സഹായത്തോടെ വൈദ്യുതീകരിച്ച തുരങ്കം ഭൂനിരപ്പില്‍ നിന്ന് 20 മീറ്ററോളം താഴെയാണെന്നും വക്താവ് വ്യക്തമാക്കി.
ബുള്ളറ്റ് പ്രൂഫ്, ബോംബ് പ്രൂഫ് വാതിലുകളാണ് കണ്ടെത്തിയ ടണലുകള്ക്കുള്ളത്. ആര്‍ക്കും കണ്ടെത്താനാകാത്തവിധത്തില് തുരങ്കം മൂടപ്പെട്ടിരിക്കുകയാണെന്നും ആശുപത്രി ഒരു സ്കൂളിനും യു.എന്‍ കെട്ടിടത്തിനും അടുത്താണെന്നും ഇസ്രയേല്‍സേന അറിയിച്ചു. ആശുപത്രിയുടെ ബേസ്മെന്റിലെ ഒരു മുറിയില്‍ സ്ഫോടകവസ്തുക്കള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, കലാഷ്നിക്കോവ് റൈഫിളുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ എന്നിവയുള്‍പ്പെടെ കണ്ടെത്തിയതായും സൈനികൻ വീഡിയോയില്‍ പറയുന്നു.