പശ്ചിമേഷ്യയില് യുദ്ധം രൂക്ഷമാകുന്നതിനിടെ വെടിനിർത്തലിന് സമ്മർദം ചെലുത്താൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് ഹോളിവുഡ് താരങ്ങൾ. ഈ ആവശ്യം ഉന്നയിച്ച് ജോ ബൈഡന് അഭിനേതാക്കളും കലാകാരന്മാരും എക്സിക്യൂട്ടീവുകളും ഒപ്പുവച്ച കത്തു നല്കി. ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടവരെ സുരക്ഷിതമായി മോചിപ്പിക്കുന്നത് ഉറപ്പാക്കാനും താരങ്ങൾ ബൈഡനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
‘’ഞങ്ങളുടെ നിശ്ശബ്ദതയുടെ കഥ ഭാവി തലമുറകളോടു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കാനും കാലതാമസം കൂടാതെ വെടിനിർത്തലിന് ആഹ്വാനം ചെയ്യാനും അങ്ങയുടെ ഭരണകൂടത്തോടും എല്ലാ ലോക നേതാക്കളോടും ഞങ്ങൾ അഭ്യർഥിക്കുന്നു” ഹോളിവുഡ് താരങ്ങൾ എഴുതി. ചില ബന്ദികളെ വിട്ടയച്ചു എന്നറിയുന്നതിൽ ആശ്വാസം തോന്നിയതിനാൽ, 220 നിരപരാധികൾ തീവ്രവാദികളുടെ ബന്ദികളാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും വധഭീഷണി നേരിടുകയും ചെയ്തതിൽ തങ്ങൾ ഇപ്പോഴും വളരെയധികം ആശങ്കാകുലരാണെന്ന് കത്തിൽ വിശദീകരിക്കുന്നുണ്ട്.
ബ്രാഡ്ലി കൂപ്പർ, കോർട്ടെനി കോക്സ്, ക്രിസ് റോക്ക്, ആദം സാൻഡ്ലർ, ബോബ് ഒഡെൻകിർക്ക്, കോൺസ്റ്റൻസ് വു, ടിഫാനി ഹാദിഷ്, ഓബ്രി പ്ലാസ, സാക്ക് സ്നൈഡർ, ഷോൺ ലെവി, സൂസൻ സരണ്ടൻ, ക്രിസ്റ്റൻ സ്റ്റുവർട്ട്, ക്വിന്റ യൂസ്സൺ, ക്വിന്റ യൂസ്സൺ എന്നിവരാണ് രേഖയിൽ ഒപ്പുവച്ച സെലിബ്രിറ്റികൾ. റിസ് അഹമ്മദ്, മഹർഷല അലി തുടങ്ങിയവരും ഉൾപ്പെടുന്നു. ‘നോ ഹോസ്റ്റേജ് ലെഫ്റ്റ് ബിഹൈൻഡ്’ എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിലാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. യുദ്ധഭൂമിയിൽ സമാധാനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിനായി സജീവമായി ഇടപെട്ടവരിൽ ഗാൽ ഗാഡോട്ടും ആമി ഷൂമറും ഉൾപ്പെടുന്നു.