ഗാസയിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനും സാധാരണക്കാര്‍ക്ക് പുറത്ത് കടക്കുന്നതിനും വേണ്ടി ഏറ്റുമുട്ടലുകള്‍ക്ക് ചെറിയ ഇടവേളകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ആവശ്യം അദ്ദേഹം വീണ്ടും
തള്ളി.
ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവശ്യ വസ്തുക്കള്‍ കൈമാറുന്നതിനും, മേഖലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് പുറത്തെത്തുന്നതിനുമായി ഒരു മണിക്കൂര്‍, രണ്ട് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള മാനുഷിക ഇടവേളകള്‍ നല്‍കുന്നതിനെ കുറിച്ച് ഇസ്രായേല്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായ വെടിനിര്‍ത്തല്‍ നടപ്പാക്കിയാല്‍, അത് ശത്രുക്കള്‍ക്ക് തിരിച്ചടിക്കാനുള്ള അവസരം ഒരുക്കുന്നതിന് തുല്യമാണെന്നും നെതന്യാഹു പറയുന്നു. യുദ്ധത്തിന് ചെറിയ ഇടവേളകള്‍ നല്‍കണമെന്ന ആശയം അമേരിക്കയാണ് ഇസ്രായേലിന് മുന്നില്‍ വച്ചത്.
വെടിനിര്‍ത്തല്‍ നടപ്പാക്കണമെങ്കില്‍ അതിന് ആദ്യം ശ്രമിക്കേണ്ടത് ഹമാസ് ആണ്. ബന്ദികളാക്കപ്പെട്ടവരെ വിട്ടയച്ചതിന് ശേഷം മാത്രമേ ഇനി ഇക്കാര്യത്തില്‍ ആലോചന ഇല്ലെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാല്‍ ഗാസയ്ക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ബന്ദികളാക്കപ്പെട്ടവരെ ഒരു തരത്തിലും വിട്ടയക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്.