ഗാസയെ രണ്ടായി വിഭജിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന. വടക്കന്‍ ഗാസ എന്നും തെക്കന്‍ ഗാസ എന്നും രണ്ടായിട്ടാണ് വിഭജിച്ചത്. ആക്രമണങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു വിഭജം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധസേന വക്താവ് ഡാനിയേല്‍ ഹഗറി പറഞ്ഞു. ഉത്തര ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കന്‍ തീരമേഖലയിലേക്ക് ഇസ്രായേല്‍ സൈന്യം കടന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പിന്നാലെ സിഐഎ മേധാവി ബില്‍ ബേണ്‍സും ഇസ്രായേലില്‍ എത്തി. ഹമാസിനെതിരെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രായേലിന് പിന്തുണ അറിയിക്കാനാണ് നേരിട്ടെത്തിയതെന്നാണ് അമേരിക്ക പുറത്തുവിടുന്ന വിവരം. ബേണ്‍സ് പശ്ചിമേഷ്യയിലെ മറ്റ് നേതാക്കളെയും സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലില്‍ എത്തിയ ആന്റണി ബ്ലിങ്കന്‍ ഇറാഖ്, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ എത്തിയിരുന്നു. പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ സന്ദര്‍ശിച്ചു. നിലവില്‍ തുര്‍ക്കിയിലാണ് ബ്ലിങ്കന്‍ തുടരുന്നത്.
ബ്ലിങ്കന്റെ പശ്ചിമേഷ്യന്‍ പര്യടനം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് സിഐഎ മേധാവിയുടെ സന്ദര്‍ശനം എന്നതാണ് ശ്രദ്ധേയം. ഇസ്രായേലിനോട് വെടി നിര്‍ത്തലിന് ആവശ്യപ്പെടാന്‍ അറബ് രാഷ്ട്രങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ പോരാട്ടം അവസാനിപ്പിക്കില്ല എന്നതാണ് ഇസ്രായേല്‍ നിലപാട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബില്‍ ബേണ്‍സിന്റെ സന്ദര്‍ശനം.
നിലവില്‍ ഗാസയിലെ മരണ നിരക്ക് 9770 ആയി ഉയര്‍ന്നിരിക്കുകയാണ്. ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു. ഗാസയിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവില്‍ തെക്കന്‍ ഗാസയിലേക്ക് ഈജിപ്ത് വഴി സഹായം എത്തിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയിട്ടുണ്ട്.