യു.എന്‍ സുരക്ഷാസമിതിയില്‍ ഇസ്രയേല്‍ – ഹമാസ് യുദ്ധത്തെ അപലപിച്ച് ബ്രസീല്‍ കൊണ്ടുവന്ന പ്രമേയം പാസ്സായില്ല. ബ്രസീല്‍ കൊണ്ടുവന്ന പ്രമേയത്തിനെതിരെ അമേരിക്ക വീറ്റോ ചെയ്തതോടെയാണ് നീക്കം പരാജയപ്പെട്ടത്. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനെതിരെ ഇത് രണ്ടാം തവണയാണ് യു.എന്‍ സുരക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം പരാജയപ്പെടുന്നത്.
ഗാസയില്‍ സഹായമെത്തിക്കാനുള്ള യു.എന്‍ ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബ്രസീല്‍ കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ടിരുന്നില്ല. ഇതേ തുടര്‍ന്ന് ബുധനാഴ്ചയാണ് പ്രമേയം അവതരിപ്പിച്ചത്. 9 അംഗങ്ങള്‍ പിന്തുണച്ചാല്‍ യു.എന്‍ സുരക്ഷാസമിതിയില്‍ പ്രമേയം പാസ്സാകുമെന്നതാണ് ചട്ടം. ബ്രസീല്‍ അവതരിപ്പിച്ച പ്രമേയത്തെ 12 അംഗങ്ങള്‍ അനുകൂലിച്ചതോടെ ബില്ലിന് സമിതിയുടെ പിന്തുണ ലഭിച്ചെങ്കിലും അമേരിക്ക വീറ്റോ പ്രയോഗിച്ചതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. റഷ്യയും ബ്രിട്ടണും പ്രമേയത്തില്‍നിന്നും വിട്ടുനിന്നു.
അതേസമയം, പ്രമേയം പ്രധാനപ്പെട്ടതാണെങ്കിലും വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും നേരിട്ടുള്ള നയതന്ത്ര പ്രവര്‍ത്തനങ്ങളെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും യുണൈറ്റഡ് നേഷന്‍സിലെ യു.എസ് അംബാസിഡര്‍ ലിന്‍ഡ തോമസ് പറഞ്ഞു. നേരിട്ടുള്ള നയതന്ത്ര ഇടപെടലിലൂടെ മാത്രമേ ആളുകളുടെ ജീവന് രക്ഷിക്കാനാകൂവെന്നും ഇക്കാര്യത്തില്‍ സുരക്ഷാസമിതി ശരിയായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. സമാനമായി തിങ്കളാഴ്ച യു. എന്‍ സുരക്ഷാസമിതിയില്‍ മാനുഷികപരിഗണന മുന്‍നിര്‍ത്തി അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റഷ്യ കൊണ്ടുവന്ന പ്രമേയവും വോട്ടിനിട്ടപ്പോള്‍ പരാജയപ്പെട്ടിരുന്നു.