ഗാസാ മുനമ്പില്‍ ഹമാസിനെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം. വ്യോമ-കര ആക്രമണങ്ങള്‍ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ഹമാസിനെതിരെ ഏറ്റുമുട്ടല്‍ കടുപ്പിച്ചത്.
ഇസ്രയേലിന്റെ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ ഒളിത്താവളങ്ങളും സൈന്യം തകര്‍ത്തു. മൂന്നുവശത്തുനിന്നും ഗാസയെ ആക്രമിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്ന ഉപഗ്രഹചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും ഇസ്രായേലി സൈനികവാഹനങ്ങള്‍ മുന്നേറുന്നത് ദൃശ്യങ്ങളില്‍കാണാം. ഗാസയിലെ 600 -ലധികം ഹമാസ് താവളങ്ങള്‍ ഇസ്രായേല്‍ കര ആക്രമണത്തില്‍ തകര്‍ത്തതായാണ് വിവരം.
പലസ്തീന്‍ പ്രദേശത്ത് ടാങ്കുകളും കവചിതവാഹനങ്ങളുമായി ഇസ്രായേല്‍സൈന്യം കര ആക്രമണം നടത്തുകയാണ്. തിങ്കളാഴ്ച, വടക്കന്‍ നഗരമായ ഗാസയില്‍ ഇസ്രായേല്‍സൈന്യം ഇരുവശത്തുനിന്നും ആക്രമണം നടത്തിയിരുന്നു. അതേസമയം ഗാസയിലെ ഇന്ധനത്തിന്റെയും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.