ഇസ്രായേല്‍ മന്ത്രി ബെന്നി ഗാന്റ്സ്, ബെഞ്ചമിന്‍ നെതന്യാഹു ഗവണ്‍മെന്റില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. ഗാന്റ്‌സിന്റെ മധ്യപക്ഷ പാര്‍ട്ടിയുടെ വിടവാങ്ങല്‍ സര്‍ക്കാരിന് ഉടനടി ഭീഷണിയാകില്ല. എന്നിരുന്നാലും, നെതന്യാഹു ഇനി അതിതീവ്ര നിലപാടുകാരെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും. പാലസ്തീനിയന്‍ തീവ്രവാദി സംഘടനയായ ഹമാസിനെതിരെ ഇസ്രായേല്‍ സൈനിക ആക്രമണം നടത്തുന്ന ഗാസയ്ക്കായി വ്യക്തമായ യുദ്ധാനന്തര പദ്ധതി ആവിഷ്‌കരിക്കുന്നതിന് കഴിഞ്ഞ മാസം, ഗാന്റ്‌സ് നെതന്യാഹുവിന് അന്ത്യശാസനം നല്‍കിയിരുന്നു.
ജൂണ്‍ 8 ന് മുന്‍പ് ഇത്തരമൊരു തന്ത്രം രൂപീകരിക്കാനായിരുന്നു അന്ത്യശാസനം. അന്ത്യശാസനം നല്‍കിയ ഉടന്‍ തന്നെ നെതന്യാഹു അത് തള്ളിക്കളയുകയും ചെയ്തു. നെതന്യാഹുവിന്റെ കാബിനറ്റിലെ തന്ത്രപരമായ തീരുമാനങ്ങളെ രാഷ്ട്രീയം മറച്ചുവെക്കുകയാണെന്ന് ഞായറാഴ്ച ഗാന്റ്സ് പറഞ്ഞു. ബന്ദികള്‍ ഗാസയില്‍ തുടരുമ്പോഴും സൈനികര്‍ അവിടെ യുദ്ധം ചെയ്യുമ്പോഴും മന്ത്രിസഭയില്‍ നിന്ന് വിടവാങ്ങേണ്ടി വരുന്നത് വേദനാജനകമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
”യഥാര്‍ത്ഥ വിജയത്തിലേക്ക് മുന്നേറുന്നതില്‍ നിന്ന് നെതന്യാഹു ഞങ്ങളെ തടയുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ഇന്ന് കനത്ത ഹൃദയത്തോടെ എന്നാല്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ അടിയന്തര ഗവണ്‍മെന്റില്‍ നിന്ന് പുറത്തുപോകുന്നത്,’ ഗാന്റ്സ് പറഞ്ഞു.യുദ്ധമുഖം ഉപേക്ഷിക്കാന്‍ സമയമായിട്ടില്ലെന്ന് ഒരു സാമൂഹ്യമാധ്യമ പോസ്റ്റില്‍ നെതന്യാഹു ഗാന്റ്‌സിനോട് പ്രതികരിച്ചു.