പാലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ ഭരണകൂടം. സമാധാനശ്രമങ്ങള്‍ക്കായുള്ള യുഎസിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ഇസ്രായേലിന്റെ നീക്കം. പാലസ്തീന്‍ മേഖലയില്‍ 4,560 വീടുകള്‍ നിര്‍മ്മിക്കുന്നതിനുളള അനുമതി അടുത്തയാഴ്ച സുപ്രീം പ്ലാനിംങ് കൗണ്‍സില്‍ നല്‍കുമെന്നാണ് നെതന്യാഹ്യു ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.
1,332 വീടുകള്‍ക്ക് കൗണ്‍സില്‍ അടുത്തയാഴ്ച അന്തിമാനുമതി നല്‍കുമെന്നാണ് വിവരം. ബാക്കിയുള്ളവയുടെ അനുമതി പ്രാഥമിക ക്ലിയറൻസ് നടപടി ഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ മേഖലയില്‍ 7,000-ത്തിലധികം കുടിയേറ്റമാണ് ഇസ്രായേല്‍ നടത്തിയത്. ഇതു കൂടാതെയാണ് 4,560 വീടുകള്‍ കൂടി നിര്‍മ്മിച്ച് കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കം.
അതേസമയം, മേഖലയിൽ സമാധാനം സാധ്യമാക്കാൻ കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കം അവസാനിപ്പിക്കണമെന്ന് നേരത്തെ യുഎസ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇസ്രായേലിലെ തീവ്ര വലതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടം കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപിത നിലപാടിലാണ്. പാലസ്തീൻ – ഇസ്രായേൽ പ്രശ്നത്തിന്റെ അടിസ്ഥാനം തന്നെ ഇസ്രായേൽ കുടിയേറ്റമാണെന്നാണ് യുഎസിന്റെ നിലപാട്