ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇസ്രായേല്‍ പുതിയ മര്‍ഗനിര്‍ദ്ദേശം മുന്നോട്ട് വെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമെത്തിയിരിക്കുന്നുവെന്നും ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. എട്ട് മാസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഓരോ ഘട്ടങ്ങളായുള്ള നിര്‍ദ്ദേശമാണ് ഇസ്രായേല്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതോടെ ഗാസയിലെ എല്ലാ മേഖലകളില്‍ നിന്നും ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കും. ഈ അവസരം നഷ്ടപ്പെടുത്താനാകില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. എല്ലാ തടവുകാരെയും വിട്ടയയ്ക്കാനും വെടിനിര്‍ത്തലിനുമുള്ള നിര്‍ദ്ദേശമാണ് ഇസ്രായേല്‍ മുന്നോട്ട് വെക്കുന്നത്.
ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍, ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍ തുടങ്ങിയവയാണ് മുന്നോട്ട് വെക്കുന്നത്. ഇസ്രായേലിന്റെയും ഹമാസിന്റെയും പക്കലുള്ള ബന്ദികളെ മോചിപ്പിക്കും. ഗാസയിലേക്ക് 600 ട്രക്കുകളില്‍ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും ദിവസവും എത്തിക്കും. ഗാസയില്‍ താത്കാലിക പാര്‍പ്പിട സൗകര്യം ഒരുക്കും. ഈ ആദ്യ ഘട്ടത്തില്‍ ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കും. ആദ്യഘട്ടം വിജയിച്ചാല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. രണ്ടാം ഘട്ടത്തില്‍ ഗാസയില്‍ നിന്ന് സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കാമെന്നാണ് ഇസ്രയേല്‍ നിര്‍ദ്ദേശിക്കുന്നത്. ഒപ്പം ഹമാസ് ബന്ദികളെ മോചിപ്പിക്കും. മൂന്നാംഘട്ടത്തില്‍ ഗാസയുടെ പുനര്‍നിര്‍മ്മാണമാകും ഉണ്ടാകുക.
ഹമാസിനെ പ്രതിരോധത്തിലാക്കി യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഹമാസ് ഈ നിര്‍ദ്ദേശം അംഗീകരിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. തങ്ങളുടെ തുടര്‍ച്ചയായ ചര്‍ച്ചകളുടെ ഫലമാണ് ഈ നിര്‍ദ്ദേശങ്ങളെന്നും ബൈഡന്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിനാണ് ഇസ്രായേല്‍ ഗാസ യുദ്ധം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ തുടക്കം മുതല്‍ ഇസ്രായേലിനൊപ്പമാണ് അമേരിക്ക. ഇസ്രായേലിന് സൈന്യത്തിന് സഹായമടക്കം നല്‍കി സഹായിക്കുന്നതും അമേരിക്കയാണ്.
എന്നാല്‍ ഗാസയിലെ കിഴക്കന്‍ പ്രവിശ്യയായ റഫയിലെ ഇസ്രായേല്‍ ആക്രമണത്തെ കുറിച്ച് ബൈഡന്‍ പ്രതികരിച്ചില്ല. റഫയിലെ ആക്രമണത്തിനെതിരെ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്. ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണം ഇസ്രായേലിനെ പിന്തുണയ്ക്കുന്ന രാജ്യമെന്ന നിലയില്‍ അമേരിക്കയ്ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചത്. 45 പേരുടെ മരണത്തിന് ഇടയാക്കുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണമാണ് ഇസ്രായേല്‍ റാഫയ്ക്ക് മേല്‍ മെയ് 26ന് നടത്തിയത്.