Monday, November 25, 2024

ഗാസയുടെ തെക്കന്‍ നഗരമായ റാഫയില്‍നിന്ന് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട് ഇസ്രായേല്‍

ഗാസയുടെ തെക്കന്‍ നഗരമായ റാഫയില്‍നിന്ന് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട് ഇസ്രായേല്‍. റാഫയില്‍ ഇസ്രായേല്‍ പ്രഖ്യാപിച്ച ആക്രമണത്തിന് മുന്നോടിയായാണ് അറിയിപ്പ്. സമീപ ഭാവിയില്‍ റാഫയില്‍ തീവ്രമായ നടപടികള്‍ ഉണ്ടാകുമെന്ന ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് നടപടി. കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘര്‍ഷഭൂമിയായ ഗാസയിലെ പല മേഖലകളില്‍നിന്ന് എത്തിയവര്‍ അഭയാര്‍ഥികളായി കഴിയുന്ന മേഖലയാണ് റാഫ.

റാഫയില്‍ എട്ട് കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഇസ്രായേല്‍ ബോംബാക്രമണം കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ കരേം അബു സലേം ക്രോസിങ്ങിന് നേരെ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ മൂന്ന് ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. കിഴക്കന്‍ റാഫയിലെ സമീപപ്രദേശങ്ങളിലെ താമസക്കാരോട് അല്‍-മവാസി, ഖാന്‍ യൂനിസ് മേഖലകളിലെ വിപുലീകരിച്ച മേഖലയിലേക്ക് മാറാനാണ് ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. പലസ്തീന്‍ സായുധ സംഘമായ ഹമാസിന്റെ ശക്തികേന്ദ്രമാണ് റാഫയെന്നാണ് ഇസ്രായേലിന്റെ ന്യായീകരണം. എന്നാല്‍ റാഫയില്‍ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.

അതേസമയം, ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടി ഈജിപ്തില്‍ നടന്ന ചര്‍ച്ച ഏകദേശം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയിലെ സൈനിക നടപടിക്ക് മുന്നോടിയായി പലസ്തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് നേരത്തെ ഇസ്രായേല്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Latest News