Tuesday, November 26, 2024

ഇസ്രായേൽ- പാലസ്തീൻ സംഘർഷം: കൊല്ലപ്പെട്ടത് 1600 ലധികം കുട്ടികൾ

ഇസ്രയേലിനും- പലസ്തീനയ്ക്കും ഇടയിൽ നിലവിൽ വന്ന സംഘർഷങ്ങളിൽ ഗാസയിൽ ഏകദേശം 1600 ലധികം കുട്ടികൾ കൊല്ലപ്പെടുകയും,4,200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യൂണിസെഫിന്റെ റീജണൽ ഡയറക്ടർ ഡോ.അഡെൽ ഖോദർ. ആശുപത്രികൾക്കും സ്കൂളുകൾക്കും നേരെയുള്ള ആക്രമണങ്ങൾ, മാനുഷിക പ്രവേശനം നിഷേധിക്കൽ എന്നിവ കുട്ടികളുടെ അവകാശങ്ങളിന്മേലുള്ള ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

ഗാസയിൽ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള കാരിത്താസ് സംഘടന ആളുകൾക്ക് സഹായങ്ങൾ എത്തിക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടരുന്നതായും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ധാരാളം സന്നദ്ധപ്രവർത്തകരും കൊല്ലപ്പെടുന്നുണ്ട്. ഗാസയിലെ സെന്റ് പോർഫിറിയോസ് ഓർത്തഡോക്‌സ് പള്ളിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കാരിത്താസ് പ്രവർത്തകയായ വിയോള, ഭർത്താവിനും, കൈക്കുഞ്ഞിനുമൊപ്പം കൊല്ലപ്പെട്ടുവെന്ന വാർത്ത വളരെ വേദനയോടെയാണ് ശ്രവിച്ചത് എന്നും ഡോ.അഡെൽ ഖോദർ വ്യക്തമാക്കി.

പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്നത് ഗാസയിലെ സാധാരണ ജനങ്ങളാണ്.ഒക്ടോബർ ഏഴു മുതൽ, ഗാസയിലെ രണ്ട് ദശലക്ഷത്തിലധികം പൗരന്മാർക്ക് മേൽ ഇസ്രായേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി. വെള്ളവും ഭക്ഷണവും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു, മരുന്നുകൾക്ക് ക്ഷാമം നേരിട്ടു, സ്വേച്ഛാപരമായ ഷെല്ലാക്രമണം ശക്തമാക്കി.അതിനാൽ സാധാരണ ജീവിതം നയിക്കുന്ന ആളുകൾ ഏറെ ദുരിതത്തിലാണ്.

അതിനാൽ യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്നും,തീവ്രവാദം ഇല്ലാതാകണമെന്നും,സുരക്ഷിതവും തടസ്സവുമില്ലാതെ മാനുഷിക പ്രവേശനം നൽകണമെന്നും, അന്താരാഷ്ട്രനിയമം ഉയർത്തിപ്പിടിക്കണമെന്നും കാരിത്താസ് സംഘടന അഭ്യർത്ഥിക്കുന്നു.

Latest News