ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ സമാധാനത്തിനായി ഫ്രാൻസിസ് മാർപാപ്പയും ഇസ്രയേൽ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയും ആഹ്വാനം ചെയ്തു. ഒക്ടോബർ എട്ടിനു നടന്ന പൊതുകൂടിക്കാഴ്ചയിൽ വച്ച് ‘ദയവായി ആയുധ ആക്രമണങ്ങൾ അവസാനിപ്പിക്കൂ’ എന്നു പറഞ്ഞുകൊണ്ട് മാർപാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തു.
ഹമാസ് പോരാളികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ “യുദ്ധം” പ്രഖ്യാപിച്ച വേളയിൽ ഫ്രാൻസിസ് മാർപാപ്പയും ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസും സമാധാനത്തിനായി നേരത്തെതന്നെ ആഹ്വാനം ചെയ്തിരുന്നു.
“ഒക്ടോബർ ഏഴിനും എട്ടിനും ഹമാസ് പോരാളികൾ ഇസ്രായേലിനു നേരെ നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലും നുഴഞ്ഞുകയറ്റത്തിലും നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തത്. തുടരുന്ന രക്തച്ചൊരിച്ചിലും യുദ്ധ പ്രഖ്യാപനങ്ങളും ഈ മണ്ണിൽ കടുത്ത സംഘർഷങ്ങൾക്ക് കാരണമാകുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഈ സന്ദർഭത്തിൽ ശാശ്വതവും സമഗ്രവുമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.” കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു.