ഇസ്രായേൽ പൗരന്മാർ ഉൾപ്പെടെയുള്ള തീവ്രവാദ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നാടുകടത്താൻ സർക്കാരിനെ അനുവദിക്കുന്ന നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കി. തീവ്രവാദം നടത്തുകയോ അത്തരം പ്രവർത്തികളിൽ പങ്കാളികളാകുകയോ ചെയ്യുന്ന വ്യക്തികളുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക്, അവർ ഇസ്രായേൽ പൗരന്മാർ ആണെങ്കിൽ കൂടെ നിയമം ബാധകമാണ്.
നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഇസ്രായേലി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഇസ്രായേലിന്റെ പാർലമെന്റായ നെസറ്റിലെ ചില പ്രതിപക്ഷ അംഗങ്ങൾ ഇത് ഇസ്രായേലിലെ പാലസ്തീൻ പൗരന്മാരെ മാത്രം ലക്ഷ്യമിടുന്നുവെന്ന് അഭിപ്രായപ്പെട്ടു. പുതിയ നിയമപ്രകാരം തീവ്രവാദം നടത്തിയതിനോ പിന്തുണയ്ക്കുന്നതിനോ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, കുട്ടികൾ എന്നിവർ നാടുകടത്തലിനു ഇരയാകേണ്ടി വരും.
ആഭ്യന്തരമന്ത്രിയുടെ ഉത്തരവനുസരിച്ച് കുറ്റക്കാരായി കണ്ടെത്തുന്നവരുടെ ബന്ധുക്കളെയും നാടുകടത്തും. ജൂത ഇസ്രായേലി പൗരന്മാർക്കെതിരെ ഇത് ഉപയോഗിക്കില്ലെന്ന് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ നെസറ്റിലെ ചില അംഗങ്ങൾ നിർദ്ദേശിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേലി അറബികൾക്കും പലസ്തീനികൾക്കും ഈ നിയമം ബാധകമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്നതിൽ ഒരു സംശയവുമില്ലെന്ന് ഇസ്രായേലി രാഷ്ട്രീയ വിശകലന വിദഗ്ധയായ ഡോ. ഡാലിയ ഷിൻഡ്ലിൻ ബിബിസിയോട് പറഞ്ഞു. “ഈ നിയമപ്രകാരം ഇസ്രായേലിലെ ഒരു ജൂത പൌരനെ നാടുകടത്താൻ സാധ്യതയില്ല. നിയമത്തിലെ ചില വ്യവസ്ഥകളിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്”.