ചൊവ്വാഴ്ച നടന്ന സ്ഫോടനങ്ങൾക്ക് മാസങ്ങൾക്കുമുമ്പ് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള ഇറക്കുമതി ചെയ്ത 5,000 പേജറിനുള്ളിൽ ഇസ്രായേൽ സ്ഫോടകവസ്തുക്കൾ നിറച്ചെന്നു വെളിപ്പെടുത്തി ഒരു മുതിർന്ന ലെബനൻ സുരക്ഷാവൃത്തവും മറ്റൊരു ഉറവിടവും. റോയിട്ടേഴ്സ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആണ് ഈ സ്ഫോടനത്തിനു പിന്നിലെന്നും ലെബനൻ സുരക്ഷാവൃത്തം വെളിപ്പെടുത്തിയാതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
ലെബനനിലുടനീളം ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ചു. ഒമ്പതുപേർ കൊല്ലപ്പെടുകയും ഗ്രൂപ്പിന്റെ പോരാളികളും ബെയ്റൂട്ടിലെ ഇറാന്റെ ദൂതനും ഉൾപ്പെടെ മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അഭൂതപൂർവമായ സംഭമായിരുന്നു നടന്നത്. പേജറുകൾ തായ്വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോയിൽ നിന്നുള്ളതാണെന്ന് ലെബനീസ് സുരക്ഷാ ഉറവിടം വെളിപ്പെടുത്തുന്നു. എന്നാൽ, കമ്പനി ഒരു പ്രസ്താവനയിൽ ഉപകരണങ്ങൾ നിർമ്മിച്ചിട്ടില്ല എന്നും ബ്രാൻഡ് ഉപയോഗിക്കാൻ ലൈസൻസുള്ള ബി. എ. സി. എന്ന കമ്പനിയാണ് അവ നിർമ്മിച്ചതെന്നും പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
സ്ഫോടനത്തെക്കുറിച്ചു പ്രതികരിക്കാൻ വിസമ്മതിച്ച ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള, ഇസ്രയേലിന്റെ നടപടികളിൽ പ്രതികാരം ചെയ്യുമെന്ന് അറിയിച്ചു. സ്ഫോടനം നടത്താനായി മാസങ്ങളായി ഇസ്രായേൽ തയ്യാറെടുപ്പുകൾ നടത്തിയെന്ന് വിവിധ ഉറവിടങ്ങളിൽനിന്നു വെളിപ്പെടുത്തലുകൾ ലഭിച്ചതായി റോയിട്ടേഴ്സ് വ്യക്തമാക്കി.