ഒരു വർഷത്തിലേറെ നീണ്ട യുദ്ധത്തിനുശേഷം ലെബനനിലെ ഹിസ്ബുള്ള തീവ്രവാദ ഗ്രൂപ്പുമായുള്ള 60 ദിവസത്തെ വെടിനിർത്തലിന് അംഗീകാരം നൽകുന്നതിനായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച വൈകുന്നേരം ടെൽ അവീവിൽ ഉന്നതതല സുരക്ഷാ മന്ത്രിസഭ വിളിക്കുമെന്ന് ഇസ്രായേൽ ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
“ഹിസ്ബുള്ളയ്ക്കെതിരായ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുകയല്ല. ഇത് എത്രനാൾ നീണ്ടുനിൽക്കുമെന്ന് ഞങ്ങൾക്കറിയില്ല. അത് ഒരു മാസമാകാം, ഒരു വർഷമാകാം” – വെടിനിർത്തലിനെക്കുറിച്ച് ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
യു. എസ്. പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ലെബനൻ വൃത്തങ്ങൾ തിങ്കളാഴ്ച റോയിട്ടേഴ്സിനോടു പറഞ്ഞു.
2023 ഒക്ടോബർ എട്ടു മുതൽ, ഹിസ്ബുള്ള തീവ്രവാദികൾ അതിർത്തിയിലെ ഇസ്രായേൽ സമൂഹങ്ങളെയും സൈനിക പോസ്റ്റുകളെയും ദിവസേന ആക്രമിക്കുന്നതിനെത്തുടർന്നാണ് ഇസ്രായേൽ ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം ആരംഭിച്ചത്.