അല്‍-ജസീറയുടെ ജറുസലേമിലെ ഓഫീസുകള്‍ റെയ്ഡ് ചെയ്ത് അടച്ചുപൂട്ടി ഇസ്രായേല്‍ അധികൃതര്‍. ഗാസ യുദ്ധം തീരുന്നതു വരെ ഖത്തര്‍ പിന്തുണയുള്ള അല്‍ ജസീറയുടെ ഇസ്രായേലിലെ പ്രവര്‍ത്തനം തടയാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് നടപടി.
ഇസ്രായേല്‍ പോലീസിന്റെ പിന്തുണയുള്ള കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ ഇന്‍സ്പെക്ടര്‍മാരാണ് അല്‍ ജസീറയുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്തത്. മാധ്യമ സ്ഥാപനത്തിന്റെ ഉപകരണങ്ങള്‍ കണ്ടുകെട്ടുന്ന വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. നെതന്യാഹുവിന്റെ ഭരണകൂടം ഗാസയിലെ യുദ്ധത്തെക്കുറിച്ചുള്ള അല്‍-ജസീറയുടെ കവറേജിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഹമാസിന്റെ വക്താക്കളെന്നാണ് ചാനലിനെ ഇസ്രായേല്‍ വിശേഷിപ്പിച്ചു പോന്നിരുന്നത്.
വിദേശ മാധ്യമങ്ങള്‍ താല്കാലികമായി അടച്ചുപൂട്ടാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന ബില്‍ ഏപ്രിലില്‍ നെസെറ്റ് പാസാക്കിയിരുന്നു. ഈ നിയമം ഉപയോഗിച്ചാണ് ഖത്തര്‍ ആസ്ഥാനമായുള്ള അല്‍-ജസീറക്ക് മേല്‍ നടപടി എടുക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ തീരുമാനിച്ചത്. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലുടനീളം മധ്യസ്ഥനായി പ്രവര്‍ത്തിച്ചിരുന്ന ഖത്തറുമായുള്ള ബന്ധം ഈ നീക്കത്തോടെ വഷളാകുമെന്ന് വിലയിരുത്തപ്പെടുന്നു. നെതന്യാഹുവിന്റെ ഗവണ്മെന്റിന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിരസിച്ച് അല്‍-ജസീറ രംഗത്തെത്തി. യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.