ഹമാസ് ഭീകരതയെ നശിപ്പിക്കുന്നതിനായി ഗാസാമുനമ്പില്‍, കരവഴിയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രയേൽ സൈന്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ ഓൺലൈൻ വാർത്താ ഏജൻസിയായ വിസെഗ്രാഡ് പങ്കുവച്ചു. ഗാസയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വിസെഗ്രാഡ് പങ്കുവച്ച വീഡിയോയിൽ, ഇസ്രയേലി ടാങ്കുകൾ ഗാസയുടെ ഭാഗത്തേക്ക് വെടിയുതിർക്കുന്നതും വലിയ സ്ഫോടനശബ്‌ദം കേൾക്കുന്നതും കാണാം. “കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടത്തിയ ആക്രമണങ്ങൾക്കുപുറമെ, കരസേന ഇന്ന് രാത്രി അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു” – ഇസ്രയേൽ സൈനികവക്താവ് റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. മറുവശത്ത് ഇസ്രയേൽ ആക്രമണങ്ങളോട് പൂർണ്ണശക്തിയോടെ പ്രതികരിക്കുമെന്ന് ഹമാസും വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം ഏഴിന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടശേഷം ഗാസയ്ക്കുനേരെ നടന്ന ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞദിവസം നടന്നത്. ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പാടെ നിലച്ചിരിക്കുകയാണ്. ആംബുലൻസ് വിളിക്കാൻപോലും സാധിക്കാത്തതിനാൽ പരിക്കേറ്റവരെ കൈകളിലെടുത്ത് ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയാണ് പ്രദേശത്ത് നിലനിൽക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, നിലവിൽ 2.3 ദശലക്ഷം ആളുകളാണ് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നത്.