Sunday, November 24, 2024

പത്തു വർഷം മുൻപ് ഐ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയ യസീദി പെൺകുട്ടിയെ ഗാസയിൽ നിന്നും രക്ഷപെടുത്തി

2014-ൽ 11-ാം വയസ്സിൽ ഇറാഖിൽ നിന്ന് ഐ.എസ് ഭീകരർ  തട്ടിക്കൊണ്ടുപോയി, ഗാസ മുനമ്പിലേക്ക് മാറ്റപ്പെട്ട ഒരു യസീദി യുവതിയെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഫൗസിയ അമിൻ സിഡോ എന്ന പെൺകുട്ടിയേയാണ് പത്തു വർഷങ്ങൾക്കു ശേഷം രക്ഷപെടുത്തി സ്വന്തം നാടായ ഇറാക്കിലെ സിഞ്ചാർ എന്ന സ്ഥലത്തുള്ള കുടുംബത്തോടൊപ്പം ചേർത്തത്.

ഫൗസി അമിൻ സിഡോയുടെ മോചനത്തെകുറിച്ച് ഇസ്രായേൽ, ഇറാക്ക് വിദേശകാര്യ മന്ത്രാലയങ്ങൾ പ്രത്യേകം വാർത്താക്കുറിപ്പുകൾ പുറപ്പെടുവിച്ചു.

ഇറാക്കിലെ യസീദി സമൂഹങ്ങൾക്കെതിരായ ഐ.എസ് ആക്രമണങ്ങൾക്കിടയിലാണ് 2014 ൽ സിഡോയെ അവളുടെ കുടുംബത്തിൽ നിന്ന് തീവ്രവാദികൾ പിടികൂടിയതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അക്കാലത്ത് ഇറാക്ക് സന്ദർശിച്ചിരുന്ന ഒരു ഗാസാ പൗരന് ഐ.എസ് ഭീകരർ അവളെ വിൽക്കുകയാണ് ഉണ്ടായത്.

ഇസ്രയേല്‍ സുരക്ഷാ സേനയും ജറുസലേമിലെ യുഎസ് എംബസിയും ‘അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് അംഗങ്ങളും’ ചേർന്ന് ഏകോപിപ്പിച്ച സങ്കീർണ്ണമായ ഓപ്പറേഷനിലാണ് സിഡോയെ ഗാസയിൽ നിന്നും രക്ഷപ്പെടുത്തിയതെന്ന് പ്രസ്താവനയിൽ ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. ‘അവളെ കൈവശം വച്ചിരുന്ന തീവ്രവാദി’ അടുത്തിടെ കൊല്ലപ്പെട്ടുവെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.
ജോർദാൻ അധികൃതരുമായി ബാഗ്ദാദിലെയും അമ്മാനിലെയും യുഎസ് എംബസികളുമായുള്ള സംയുക്ത ശ്രമത്തിലൂടെയാണ് ഫൗസിയ അമിൻ സിഡോയെ മോചിപ്പിച്ചതെന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.

വടക്കൻ ഇറാഖിൽ നിന്നുള്ള കുർദിഷ് സംസാരിക്കുന്ന ജനവിഭാഗമാണ് യസീദികൾ.
2014 ഓഗസ്റ്റിൽ സുന്നി തീവ്രവാദിഗ്രൂപ്പായ ഐ.എസ്, സിൻജാറിലെ യസീദികൾ വസിക്കുന്ന പ്രദേശം ആക്രമിച്ച് യസീദി വിഭാഗത്തിൽപെട്ട 1,200 ലധികം ആളുകളെ കൊലപ്പെടുത്തുകയും 6,400 ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

ഈ അക്രമത്തെ വംശഹത്യയായി ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.

Latest News