വ്യാഴാഴ്ച ഗാസയിൽനിന്നു കൈമാറിയ നാലു മൃതദേഹങ്ങളിലൊന്ന് ഹമാസ് അവകാശപ്പെടുന്നതുപോലെ ഷിരി ബിബാസിന്റേതല്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ബന്ദികളാക്കപ്പെട്ട 32 കാരിയായ ഷിരി ബിബാസും അവരുടെ രണ്ട് ആൺമക്കളായ ഏരിയലും കെഫിറും മരിച്ചുവെന്ന വാർത്തയും ഇസ്രായേലിൽ വലിയ നടുക്കവും ദുഃഖവുമാണ് ഉളവാക്കിയത്. തട്ടിക്കൊണ്ടുപോകുമ്പോൾ ഏരിയലിന് നാലുവയസ്സും കെഫിറിന് ഒൻപതു മാസവുമേ പ്രായമുണ്ടായിരുന്നുള്ളൂ.
ഏരിയൽ, കിഫർ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ ഡി എഫ്) ബിബാസ് കുടുംബത്തെ അറിയിച്ചു. എന്നാൽ മൂന്നാമത്തെ മൃതദേഹം അവരുടെ അമ്മയുടെതല്ലെന്ന് ഐ ഡി എഫ് പറയുന്നു. “തിരിച്ചറിയൽപ്രക്രിയയിൽ ആ മൃതദേഹം ഷിരി ബിബാസിന്റേതല്ല എന്നു കണ്ടെത്തി. മറ്റേതെങ്കിലും ബന്ദികളുടേതാണെന്നതിനും തെളിവില്ല. ഇത് തിരിച്ചറിയപ്പെടാത്ത ഒരു മൃതദേഹമാണ്” – ഐ ഡി എഫ് എക്സിൽ പോസ്റ്റ് ചെയ്തു.
“മരിച്ച നാല് ബന്ദികളെ തിരികെ നൽകാൻ കരാർപ്രകാരം ഹമാസ് ബാധ്യസ്ഥരാണ്. പക്ഷേ, ഇത് ഹമാസിന്റെ ക്രൂരമായ കരാർലംഘനമാണ്. ബന്ദികളാക്കിയ എല്ലാവരോടുമൊപ്പം ഷിരിയെയും വീട്ടിലേക്ക് തിരിച്ചയയ്ക്കണമെന്ന് ഞങ്ങൾ ഹമാസിനോട് ആവശ്യപ്പെടുന്നു.”
2023 നവംബറിൽ രണ്ടു കുട്ടികളെയും ഹമാസ് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയതായി ഇന്റലിജൻസ് ഫോറൻസിക് കണ്ടെത്തലുകളെ ഉദ്ധരിച്ച് ഐ ഡി എഫ് പറഞ്ഞു. ഇസ്രായേൽ ബോംബാക്രമണത്തിലാണ് അവർ കൊല്ലപ്പെട്ടതെന്ന് ഹമാസും ആരോപിക്കുന്നു. കുട്ടികളുടെ പിതാവ് 34 കാരനായ യാർഡൻ ബിബാസിനെ ഫെബ്രുവരി ഒന്നിന് ഹമാസ് മോചിപ്പിച്ചിരുന്നു.
വ്യാഴാഴ്ച കൈമാറിയ നാലാമത്തെ മൃതദേഹം മുതിർന്ന സമാധാനപ്രവർത്തകനായ ഓഡെഡ് ലിഫ്ഷിറ്റ്സിന്റേതാണെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു.