കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റുള്ളയുടെ പിൻഗാമി ഹാഷിം സഫീദ്ദീനെ ഏകദേശം മൂന്നാഴ്ച മുമ്പ് വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ സൈന്യം വെളിപ്പെടുത്തി. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹാഷിം കൊല്ലപ്പെട്ടത്.
ഹാഷിമിന്റെ മരണം ഇതുവരെ ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല. ഹിസ്ബുള്ളയുടെ മുൻ നേതാവ് നസ്‌റുള്ള സെപ്റ്റംബർ 27 ന് ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഒക്ടോബർ 4 ന് നഗരത്തിലെ വിമാനത്താവളത്തിന് സമീപമുണ്ടായ വ്യോമാക്രമണത്തിന് ശേഷം, ഹാഷിമുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹിസ്ബുള്ള വൃത്തങ്ങൾ വെളിപ്പെടുത്തി.
ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സിൻ്റെ കമാൻഡർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അലി ഹുസൈൻ ഹാസിമയും ഹാഷിമിനൊപ്പം ബെയ്‌റൂട്ടിലെ തീവ്രവാദസംഘടനയുടെ പ്രധാന ഇൻ്റലിജൻസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു. വർഷങ്ങളോളം ഇസ്രായേലിനെതിരായ തീവ്രവാദ ആക്രമണങ്ങൾ നയിച്ചിരുന്നതും ഹിസ്ബുള്ളയുടെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയകളിൽ ഹാഷിം പങ്കാളിയാണെന്നും ഐഡിഎഫ് അറിയിച്ചു.
2017ൽ യുഎസും സൗദി അറേബ്യയും ഹാഷിമിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.