ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ എങ്ങുമെത്താതെ പോകുകയാണ്. ഈ സാഹചര്യത്തിൽ ഇനിയും അനിശ്ചിതത്വം നീളുകയാണെങ്കിൽ വീണ്ടും യുദ്ധത്തിലേക്കു മടങ്ങേണ്ടിവരുമെന്ന് അറിയിച്ച് ഇസ്രയേൽ. ധാരണയിലെത്തിയില്ലെങ്കിൽ ഒന്നര ആഴ്ചയ്ക്കുള്ളിൽ ഗാസയിൽ വീണ്ടും യുദ്ധം പുനരാരംഭിക്കുമെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്.
യു എസ് പ്രതിനിധിയായ വിറ്റ്‌കോഫ് മുന്നോട്ടുവച്ച നിർദേശപ്രകാരം, ആദ്യഘട്ട കരാർ തുടരുകയും പകുതി ബന്ദികളെയും മൃതദേഹങ്ങളും കൈമാറ്റം ചെയ്യണമെന്നും, ബാക്കി പകുതി വെടിനിർത്തൽ കരാർ അവസാനിക്കുന്ന 42-ാം ദിവസം കൈമാറ്റം ചെയ്യണമെന്നുമായിരുന്നു. വിറ്റ്‌കോഫിന്റെ ഈ നിർദേശം ഹമാസ് അംഗീകരിക്കുകയോ, നിരസിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ദിവസം ഗാസയിലേക്കെത്തുന്ന എല്ലാ മാനുഷികസഹായങ്ങളും ഇസ്രയേൽ തടയുകയുണ്ടായി. ഇനി വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാനുള്ള തീരുമാനത്തോടൊപ്പം യുദ്ധം പുനരാരംഭിക്കാനുള്ള തീരുമാനവും നടപ്പാക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ കൂടുതൽ ചർച്ചകൾക്കായി ഏതാനും ദിവസങ്ങൾകൂടി അനുവദിക്കണമെന്ന മധ്യസ്ഥരുടെ അഭ്യർഥന അംഗീകരിച്ചതായി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് അറിയിച്ചിട്ടുണ്ട്. ഹമാസ് ബന്ദികളെ ഉടൻ വിട്ടയച്ചില്ലെങ്കിൽ ഗാസയുടെ കവാടങ്ങൾ പൂട്ടുമെന്നും നരകത്തിന്റെ കവാടം തുറക്കപ്പെടുമെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലേക്കുള്ള യുദ്ധത്തിലേക്കു മടങ്ങുമെന്നുമാണ് മുന്നറയിപ്പ്.