Sunday, November 24, 2024

യുഎന്നില്‍ നിന്നും ഇസ്രായേലിനെ പുറത്താക്കണം: പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്

ഇസ്രായേലിന്‍റെ അധിനിവേശ രാഷ്ട്രീയത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പലാസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. യുഎന്‍ അംഗത്വത്തില്‍ നിന്നും ഇസ്രായേലിനെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഖ്ബ ദിനാചരണത്തിന്‍റെ ഭാഗമായി യുഎന്നില്‍ നടന്ന സമ്മേളനത്തിലാണ് അബ്ബാസ് ഇസ്രായേലിനെതിരെ രൂക്ഷ പ്രതികരണം നടത്തിയത്.

പാലസ്തീന്‍ സമര്‍പ്പിച്ച രണ്ട് പ്രമേയങ്ങള്‍ നടപ്പാക്കണമെന്നായിരുന്നു യുഎന്നില്‍ മഹ്മൂദ് അബ്ബാസ് ആവശ്യം ഉന്നയിച്ചത്. പലായനം ചെയ്തവര്‍ക്ക് തിരിച്ചുവരവ് ഉള്‍പ്പടെ ആവശ്യപ്പെടുന്ന പ്രമേയങ്ങളായിരുന്നു ഇത്. ഈ രണ്ടു പ്രമേയങ്ങളും നടപ്പിലാക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കണമെന്നും അല്ലാത്ത പക്ഷം യുഎന്നില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിറ്റ്ലറുടെ നാസി പ്രചാരണങ്ങള്‍ക്ക് സമമാണ് ഇസ്രായേലിന്‍റെ രാഷ്ട്രീയമെന്നും അബ്ബാസ് കുറ്റപ്പെടുത്തി.

പലസ്തീനികളെ ഒഴിപ്പിച്ച് ഇസ്രായേല്‍ സ്ഥാപിച്ചതിന്‍റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണ് നഖ്മ. 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് നഖ്മ ദിനം ആചരിക്കാന്‍ യുഎന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്നു ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന സമ്മേളനത്തിലാണ് അബ്ബാസിന്‍റെ പ്രതികരണം. 190 അംഗ സഭയില്‍ 90 രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു നഖ്ബ ആചരിക്കാന്‍ തീരുമാനിച്ചത്.

പാലസ്തീനു പുറമേ ഈജിപ്ത്, ജോര്‍ദാന്‍, സെനഗാള്‍, റ്റ്യുനീഷ്യ, യമന്‍ എന്നീ രാജ്യങ്ങളാണ് നഖ്ബ ദിനാചരണത്തിനു നീക്കം നടത്തിയത്. യുഎസ്, യു.കെ, കാനഡ, യുക്രൈന്‍ തുടങ്ങി 32 രാജ്യങ്ങള്‍ നഖ്ബ ആചരണത്തില്‍ നിന്നും വിട്ടുനിന്നു.

Latest News