Sunday, November 24, 2024

ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാല്‍ പാലസ്തീന്‍ അതോറിറ്റിക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്രായേല്‍

ഇസ്രായേല്‍ നേതാക്കള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാല്‍ പാലസ്തീന്‍ അതോറിറ്റിക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ ബൈഡന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഇസ്രായേല്‍ പ്രതിരോധ സേനാ മേധാവി ഹെര്‍സി ഹലേവി എന്നിവര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

ഹേഗ് ആസ്ഥാനമായുള്ള കോടതി ഈ ആഴ്ച തന്നെ വാറന്റ് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാറന്റ് തടയാന്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇസ്രായേല്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

2014ലെ ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ യുദ്ധകുറ്റങ്ങളെക്കുറിച്ച് മൂന്ന് വര്‍ഷം മുന്‍പാണ് കോടതി അന്വേഷണം ആരംഭിച്ചത്. അമേരിക്കയും അറസ്റ്റ് വാറന്റുകളുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് ഐസിസിയെ തടയാനുള്ള അവസാന നയതന്ത്ര ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

കോടതി നടപടി എടുക്കുകയാണെങ്കില്‍ കടുത്ത തിരിച്ചടിക്ക് തയാറാകണമെന്ന് നിര്‍ദേശം നല്‍കികൊണ്ട് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വിദേശത്തുള്ള രാജ്യത്തിന്റെ എംബസികള്‍ക്ക് ഞായറാഴ്ച രാത്രി സന്ദേശം അയച്ചിട്ടുണ്ട്.

പാലസ്തീന്‍ അതോറിറ്റിക്ക് വേണ്ടി ഇസ്രായേല്‍ ശേഖരിക്കുന്ന നികുതി വരുമാനത്തിന്റെ കൈമാറ്റം മരവിപ്പിക്കുന്നതാണ് സാധ്യമായ ഒരു നടപടി. ഈ ഫണ്ടുകള്‍ ഇല്ലെങ്കില്‍, പാലസ്തീന്‍ അതോറിറ്റി പാപ്പരാകും.

 

 

 

Latest News