യുദ്ധത്തിൽ നശിപ്പിക്കപ്പെട്ട ഇസ്രായേലിന്റെ വനങ്ങളും സസ്യജാലങ്ങളും പുനഃസ്ഥാപിക്കുന്നതിനും പുതുക്കുന്നതിനും തയ്യാറെടുത്ത് കെറൻ കയെമെത്തിലെ ഇസ്രായേൽ – ജൂയിഷ് നാഷണൽ ഫണ്ട് (കെ. കെ. എൽ. – ജെ. എൻ.എഫ്.). യുദ്ധസമയത്ത് വടക്കൻ, തെക്കൻ പ്രദേശങ്ങളിലെ പരിസ്ഥിതിവ്യവസ്ഥകൾക്ക് കനത്ത നാശമാണുണ്ടായത്. ഇവയൊക്കെ പുനഃസ്ഥാപിക്കാനാണ് KKL-JNF ന്റെ ആസൂത്രണവിഭാഗം മുന്നിട്ടിറങ്ങുന്നത്.
“വനങ്ങൾ കേവലം ഒരു പ്രകൃതിവിഭവം മാത്രമല്ല, ഇസ്രായേൽ സമൂഹത്തിന്റെ ശാരീരികവും വൈകാരികവുമായ രോഗശാന്തിക്ക് അവ അത്യന്താപേക്ഷിതമാണ്. നമ്മുടെ വേരുകൾ – ശാരീരികവും സാമൂഹികവും – കാടിന്റെ വേരുകളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു” – കെ. കെ. എൽ. – ജെ. എൻ.എഫ്. ഡയറക്ടർ നോഹ താൽ പറഞ്ഞു.
പൊതു ആസ്തിയും 24/7 സൗജന്യമായി പ്രവേശിക്കാവുന്ന ഇസ്രായേലിന്റെ വനങ്ങൾ, ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ വീണ്ടെടുപ്പിലും ഒരു പ്രധാനപങ്ക് വഹിക്കുന്നു. വനത്തിൽ കഴിയുന്നത് രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. മാനസികമായി വിഷാദം ലഘൂകരിക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും വനങ്ങൾ സഹായിക്കുന്നു.
സമീപവർഷങ്ങളിൽ, വനങ്ങളുടെ അതുല്യമായ സംഭാവനകൾ ഉയർത്തിക്കാട്ടുന്ന നൂതനപദ്ധതികൾക്ക് KKL-JNF നേതൃത്വം നൽകി. “കാടുകൾ ഇസ്രായേലിന്റെ ഏറ്റവും അരാഷ്ട്രീയ ഇടമാണ് – സാമൂഹികബന്ധങ്ങൾ, വ്യക്തിഗത വീണ്ടെടുക്കൽ, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവ വളർത്തുന്ന സ്വതന്ത്രവും ശാന്തവും വൃത്തിയുള്ളതുമായ അന്തരീക്ഷം” – ടാൽ ഊന്നിപ്പറയുന്നു.
യുദ്ധം ഗുരുതരമായി ബാധിച്ച വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന്. “നാശം ഇരട്ടഭീഷണി ഉയർത്തുന്നു. ഒന്നാമതായി, തീപിടുത്തം, വിനോദസഞ്ചാര മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ നാശം എന്നിവ പോലെ നേരിട്ടുള്ള ദോഷമുണ്ട്. രണ്ടാമതായി, തകർന്ന പ്രദേശങ്ങൾ വനേതര ഉപയോഗങ്ങൾക്കായി പുനർനിർമിക്കുന്നതിനുള്ള അപകടസാധ്യതയുണ്ട്” – അവർ വിശദീകരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ, KKL-JNF ദ്രുതവും വിപുലവുമായ പുനരുദ്ധാരണശ്രമങ്ങളിൽ പ്രവർത്തിക്കുന്നു. അതേസമയം വിനോദ- സന്ദർശക ഇൻഫ്രാസ്ട്രക്ചറുകൾ വികസിപ്പിക്കുകയും ചെയ്യുന്നു. ഈ സംരംഭത്തിന് ഗണ്യമായ സമയവും വിഭവങ്ങളും ആവശ്യമാണ്.
ഈ ശ്രമങ്ങളിലൂടെ KKL-JNF ഇസ്രായേലിന്റെ വനങ്ങൾ പുനഃസ്ഥാപിക്കുക മാത്രമല്ല, അതിലെ ജനങ്ങളുടെ ആത്മാവിനെയും പ്രതിരോധശേഷിയെയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.