തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്റെ വിവാദ പരാമർശത്തെ തുടർന്ന് നയതന്ത്രജ്ഞരെ പിൻവലിക്കാനൊരുങ്ങി ഇസ്രയേൽ. പലസ്തീന് ഐക്യദാര്‍ഢ്യ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നടത്തിയ വിവാദ പരാമര്‍ശമാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. ഇതോടെ തുർക്കിയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അധിനിവേശക്കാരനും കുറ്റവാളിയുമാണെന്നതായിരുന്നു എർദോഗന്റെ പരാമർശം. ഇസ്രായേലിന്റെ സഖ്യകക്ഷികൾ ക്രിസ്ത്യാനികളെ മുസ്ലീങ്ങൾക്കെതിരെ തിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 1.5 ദശലക്ഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എർദോഗന്റെ പരാമർശം. തൊട്ടുപിന്നാലെയാണ് തുർക്കിയിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളെ തിരികെ കൊണ്ടുവരാൻ ഉത്തരവിട്ടതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹൻ വ്യക്തമാക്കിയത്.
2022 ലാണ് ഇസ്രയേലും തുർക്കിയും അംബാസഡർമാരെ നിയമിക്കാൻ ധാരണയായത്. വരും വർഷങ്ങളിൽ കൂടുതൽ അടുത്തതും ശാശ്വതവുമായ സഹകരണത്തിന് അടിത്തറ പാകിയേക്കാവുന്ന യു.എസ് പിന്തുണയുള്ള പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകളും പുനരാരംഭിച്ചിരുന്നു. ഇതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.