ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു. വടക്കന്‍ ഗാസയിലേക്കു പലസ്തീന്‍ പൗരന്‍മാര്‍ സ്വതന്ത്രമായി മടങ്ങിവരുന്നതിനെ ഇസ്രായേല്‍ എതിര്‍ക്കുമെന്നാണു സൂചന. കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം പ്രവേശനം അനുവദിക്കാനാണു നീക്കം.
ഹമാസ് പ്രവര്‍ത്തകരും അവരെ പിന്തുണയ്ക്കുന്നവരും തിരിച്ചെത്തുന്നതു തടയുകയാണു ലക്ഷ്യം. ഇസ്രായേലിന്റെ ഈ നീക്കത്തെ എതിര്‍ത്ത് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മധ്യസ്ഥര്‍ പോലും കാണാത്ത നിര്‍ദേശങ്ങളെച്ചൊല്ലിയാണ് ഹമാസിന്റെ പ്രതികരണമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
ഹമാസിന്റെ തടവില്‍ കഴിയുന്ന ഇസ്രായേല്‍ പൗരന്‍മാരുടെ മോചനത്തിനും ഇതു തടസ്സമായേക്കും. ഈജിപ്തിനോടു ചേര്‍ന്നുകിടക്കുന്ന ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം വേണമെന്ന ഇസ്രായേലിന്റെ ആവശ്യവും മധ്യസ്ഥ ചര്‍ച്ചകളില്‍ നിഴല്‍ വീഴ്ത്തുന്നു. ഒത്തുതീര്‍പ്പ് ഉടമ്പടിയില്‍ പെടാത്തതാണ് ഈ ആവശ്യമെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈജിപ്ത് വ്യക്തമാക്കി.
‘ഫിലഡല്‍ഫിയ ഇടനാഴി’യെന്നു വിളിക്കുന്ന ഈ പ്രദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇസ്രായേലിനു സമ്മതമല്ലെന്നാണു സൂചന. നിര്‍ണായകമായ ഈ പ്രദേശത്തെ തുരങ്കങ്ങളിലൂടെ ഹമാസിന് ആയുധങ്ങളും മറ്റു സാമഗ്രികളും എത്തിയിരുന്നു. എന്നാല്‍, ഗാസയിലേക്കുള്ള തുരങ്കങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തകര്‍ത്തതാണെന്ന് ഈജിപ്ത് അവകാശപ്പെടുന്നു.
യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇസ്രായേല്‍-പലസ്തീന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. 3 ഘട്ടമായി നടപ്പാക്കേണ്ട രൂപരേഖയുടെ അടിസ്ഥാനത്തിലാണു ചര്‍ച്ച നടക്കുന്നത്. ആറാഴ്ച നീളുന്ന വെടിനിര്‍ത്തലാണ് ആദ്യഘട്ടം.
തടവിലുള്ള നൂറുകണക്കിനു പലസ്തീന്‍ പൗരന്‍മാരെ ഇസ്രായേല്‍ ഈ ഘട്ടത്തില്‍ മോചിപ്പിക്കും. സ്ത്രീകളും മുതിര്‍ന്നവരും മുറിവേറ്റവരുമടങ്ങുന്ന ഇസ്രായേല്‍ പൗരന്‍മാരെ പലസ്തീനും മോചിപ്പിക്കും. എല്ലാ യുദ്ധനീക്കങ്ങളും അവസാനിപ്പിക്കുകയാണ് രണ്ടാംഘട്ടം. പ്രധാനപ്പെട്ട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നാംഘട്ടത്തില്‍ നടക്കും.