Monday, November 25, 2024

ഗാസയില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍

വടക്കന്‍ ഗാസ മുനമ്പിലെ ബെയ്റ്റ് ഹനൂന്‍ പട്ടണത്തിലുണ്ടായ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ബെയ്റ്റ് ഹനൂന്‍ മേഖലയില്‍ സ്നൈപ്പര്‍ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കുകയും ഇസ്രായേല്‍ സേനയ്ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത അഹമ്മദ് അല്‍ സവര്‍ക്കാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അവിചായ് അദ്രായി പത്രക്കുറിപ്പില്‍ അറിയിച്ചു.

സെന്‍ട്രല്‍ ഗാസ മുനമ്പിലും തെക്കന്‍ റഫ മേഖലയിലും ഐഡിഎഫ് സൈന്യം പ്രവര്‍ത്തനം തുടരുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ സൈനിക നടപടികളില്‍ പാലസ്തീനികളുടെ മരണസംഖ്യ 37,431 ആയി ഉയര്‍ന്നതായും 85,653 പേര്‍ക്ക് പരിക്കേറ്റതായും ഗാസയുടെ ആരോഗ്യ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 2023 ഒക്ടോബര്‍ 7-നാണ് തെക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയിലൂടെ ഹമാസ് നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിക്കാന്‍ ഗാസ മുനമ്പില്‍ ഹമാസിനെതിരെ ഇസ്രായേല്‍ വലിയ തോതിലുള്ള ആക്രമണം ആരംഭിച്ചത്. ഈ സമയത്ത് ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു.

 

Latest News