Tuesday, November 26, 2024

അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ പരിശോധന തുടരുന്നു; ആശുപത്രി ഹമാസ് കേന്ദ്രമെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് അധികൃതര്‍

ഗാസ മുനമ്പിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ പരിശോധന തുടരുന്നു. ആശുപത്രിയെ ഹമാസ് അവരുടെ പ്രധാന താവളമായി ഉപയോഗിക്കുന്നുവെന്നതിന് സൈന്യത്തിന്റെ കൈയില്‍ വ്യക്തമായ തെളിവുണ്ടെന്ന് ഇസ്രായേലിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആശുപത്രിക്കുള്ളില്‍ നിന്ന് ഹമാസിന്റെ ആയുധങ്ങളും മറ്റ് വസ്തുക്കളും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

ഹമാസ് അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയി അല്‍ ഷിഫ ആശുപത്രിയെ ഉപയോഗിക്കുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഹമാസിന്റെ ഭീകര സംവിധാനങ്ങളും ആയുധശേഖരവും ആശുപത്രിക്കുള്ളിലുണ്ടെന്നും സൈനിക വക്താവ് വ്യക്തമാക്കി.

ആശുപത്രി സമുച്ചയത്തിന്റെ ഒരു പ്രത്യേക പ്രദേശത്തു മാത്രമാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. സ്റ്റാഫുമാരുമായോ രോഗികളുമായോ ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല, അദ്ദേഹം വിശദീകരിച്ചു. ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് 37 നവജാത ശിശുക്കളാണ് മരിച്ചത്. കുട്ടികളെ ബദല്‍
സംവിധാനത്തിലേക്ക് മാറ്റാമെന്ന ഇസ്രായേലിന്റെ വാഗ്ദാനത്തില്‍ ആശുപത്രി അധികൃതര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതിനായി ഇന്‍കുബേറ്ററുകളും മറ്റും ഇസ്രായേല്‍ ആശുപത്രിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

ഗാസയിലെ മാത്രമല്ല ലോകത്തെവിടെയുമുള്ള ഹമാസ് നേതാക്കളെ വകവരുത്തുമെന്ന് ഇസ്രായേല്‍ വാര്‍ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. കുട്ടികളെ കൊല്ലുന്നവരെ ഇല്ലാതാക്കാനായി ആവശ്യമുള്ളിടത്തെല്ലാം, ഭൂമിക്കടിയിലും മുകളിലും, ഗാസയിലും ലോകമെമ്പാടും സൈന്യം കടന്നുചെല്ലും. ഹമാസിന്റെ കേന്ദ്രങ്ങള്‍ കീഴടക്കിയതു പോലെ അവരുടെ ഭരണതലപ്പത്തേക്കും എത്തും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ ഷിഫ ആശുപത്രിയിലേക്കുള്ള അവശ്യ വസ്തുക്കള്‍ സൈന്യം കൈമാറിയതായി ഇസ്രായേല്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചു.

Latest News