ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയാണ് ഈജിപ്തിലെ സൂയസ് കനാല്‍. ഇപ്പോഴിതാ ചെങ്കടലില്‍ ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണം ഈജിപ്തിലെ സൂയസ് കനാലിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഈ വര്‍ഷം സൂയസ് കനാലില്‍ നിന്നുള്ള വരുമാനത്തില്‍ ഇതുവരെ 40 മുതല്‍ 50 ശതമാനം വരെ കുറവുണ്ടായതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
ഗാസക്കെതിരായ ഇസ്രായേല്‍ ആക്രമണം ശക്തമായതോടെ ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തെയും അത് ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സൂയസ് കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ 60 ശതമാനവും ദക്ഷിണാഫ്രിക്കയിലൂടെ വഴി മാറി സഞ്ചരിക്കുകയാണ്.
പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറായിരുന്നു ഈജിപ്തിന് സൂയസ് കനാല്‍ വഴി ലഭിച്ചിരുന്നത്. ഈജിപ്തിന്റെ പ്രധാന വിദേശ കറന്‍സി സ്രോതസ്സുകളിലൊന്നായിരുന്നു. എന്നാല്‍, ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കപ്പെട്ടു തുടങ്ങിയതോടെ ചെങ്കടലിലൂടെയുള്ള ഗതാഗതം ചില ഷിപ്പിംഗ് കമ്പനികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മറ്റു ചില ഷിപ്പിംഗ് കമ്പനികള്‍ തെക്കന്‍ ആഫ്രിക്കക്ക് ചുറ്റുമുള്ള ദൈര്‍ഘ്യമേറിയ റൂട്ടിലൂടെ വഴിമാറി സഞ്ചരിക്കാനും തുടങ്ങി.
അതേസമയം നേരത്തെ തന്നെ കപ്പലുകള്‍ വഴിമാറി സഞ്ചരിക്കുന്നത് ആഗോള വിതരണത്തിലും ചരക്ക് വ്യാപാരത്തിലും ഇന്‍ഷുറന്‍സിലും ചെലവുകള്‍ ഉയരാന്‍ കാരണമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി ആശങ്ക പ്രകടിപ്പിച്ചിരുന്നു.