റാഫയില്‍ കടന്ന് വീണ്ടും ഇസ്രായേല്‍ സേന. ഈജിപ്തിനെയും ഗാസയെയും ബന്ധിപ്പിക്കുന്ന റാഫ അതിര്‍ത്തിയിലൂടെ തിങ്കളാഴ്ച രാത്രി ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകള്‍ പാലസ്തീന് അധീനതയിലുള്ള മൂന്നു കിലോമീറ്റര്‍ പ്രദേശം പിടിച്ചെടുത്തു. നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഒളിയിടങ്ങള്‍ തകര്‍ത്തതായും സൈന്യം അവകാശപ്പെട്ടു.
റാഫ, കറം അബൂസാലം അതിര്‍ത്തികള്‍ ഇസ്രായേല്‍ അടച്ചതോടെ ഗാസയിലേക്കുള്ള ഭക്ഷ്യസഹായ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഹമാസിന്റെ സൈനിക-സാമ്പത്തിക ശേഷികള്‍ തകര്‍ക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പാണ് റാഫ പിടിച്ചെടുത്തതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാന്‍ ആക്രമണം അനിവാര്യമാണെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ബന്ദിയായ ഇസ്രായേല്‍ സ്വദേശി ജൂഡി ഫെയിന്‍സ്റ്റൈന്‍ (70) മരണത്തിന് കീഴടങ്ങിയതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സിന്റെ വക്താവ് അബു ഉബൈദ അറിയിച്ചു. ഒരുമാസം മുമ്പാണ് ഇസ്രായേല്‍ ആക്രമണത്തില്‍ ജൂഡിക്ക് സാരമായി പരിക്കേറ്റത്.