Saturday, November 23, 2024

വടക്കന്‍ ഗാസയിലെ ജബാലിയ ക്യാമ്പില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രായേല്‍ സേന

വടക്കന്‍ ഗാസയിലെ ജബാലിയ ക്യാമ്പില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രായേല്‍ സേന. അതേസമയം തെക്കന്‍ നഗരമായ റാഫയില്‍ ശക്തമായ വ്യോമാക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ടാങ്കറുകള്‍ കൊണ്ട് ബോംബിംഗ് നടത്തിയുമാണ് അഭയാര്‍ത്ഥി ക്യാമ്പ് ഇസ്രായേല്‍ സേന നശിപ്പിച്ചത്.

ഒരേ സമയം തെക്ക് വടക്കന്‍ നഗരങ്ങളില്‍ ശക്തമായ ആക്രമണം ഇസ്രായേല്‍ കടുപ്പിച്ചതോടെ നൂറു കണക്കിന് പേരാണ് സ്വന്തം വീടുപേക്ഷിച്ച് പലായനം ചെയ്യുന്നത്. ആക്രമണം ശക്തമായതോടെ സഹായങ്ങളൊന്നും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യവുമാണ്.

75 വര്‍ഷം മുമ്പ് സ്ഥാപിച്ച അഭയാര്‍ത്ഥി ക്യാമ്പാണ് ജബാലിയയില്‍ ഇസ്രയേലി സേന ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. പ്രാദേശിക മാര്‍ക്കറ്റിലെ കടകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം ഇടിച്ചുനിരത്തി. ഹമാസ് വീണ്ടും ശക്തി പ്രാപിക്കാതിരിക്കാനും സംഘടിക്കാതിരിക്കാനുമാണ് ഈ നീക്കമെന്നാണ് ഇസ്രായേലിന്റെ പക്ഷം.

രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജബാലിയയിലെ റോഡുകളിലും അവശിഷ്ടങ്ങള്‍ക്കും ഇടയിലും മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ഗാസ ആരോഗ്യവകുപ്പ് അറിയിച്ചത്. ജീവിക്കാന്‍ ഭക്ഷണമില്ല. ബോംബാക്രമണം തുടരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

 

Latest News