2023 ഒക്ടോബർ 7ന് ബന്ദികളാക്കിയ മൂന്നു പേരെ കൂടി ഹമാസ് മോചിപ്പിച്ചു. ഇസ്രയേൽ പൗരന്മാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വച്ച് ഹമാസ് റെഡ് ക്രോസിനു കൈമാറിയത്. ഇവരെ തിരികെ ലഭിച്ചതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. ബന്ദികളെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേൽ 369 പാലസ്തീൻ തടവുകാരെയാണ് മോചിപ്പിക്കുന്നത്.
ജനുവരി 19 ന് ആരംഭിച്ച വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇതുവരെ 19 ബന്ദികളെയും ആയിരത്തിലധികം പാലസ്തീൻ തടവുകാരെയും മോചിപ്പിച്ചു.
കരാറിലെ വ്യവസ്ഥകൾ ഇസ്രായേൽ ലംഘിച്ചുവെന്ന് ആരോപിച്ച് ബന്ദികളെ മോചിപ്പിക്കുന്നത് നിർത്തിവയ്ക്കുമെന്ന് ഹമാസ് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് കൈമാറ്റം നടന്നത്. ഹമാസിന്റെ ആരോപണം ഇസ്രായേൽ പൂർണ്ണമായും നിഷേധിച്ചു.
ബന്ദികളെ കൈമാറുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ പോരാട്ടം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. വെടിനിർത്തൽ കരാർ അവസാനിപ്പിച്ച് യുദ്ധം പുനരാരംഭിക്കാൻ ഇസ്രായേലും തീരുമാനിച്ചിരുന്നു.