Thursday, May 15, 2025

ഇറാന്‍ സിറിയയെ ആയുധ നിര്‍മ്മാണ കേന്ദ്രമാക്കുന്നുവെന്ന ആരോപണവുമായി ഇസ്രായേല്‍

സിറിയ കേന്ദ്രീകരിച്ച് ഇറാന്‍ നടത്തുന്ന ആയുധനിര്‍മ്മാണത്തില്‍ ആശങ്കയും ഒപ്പം മുന്നറിയിപ്പുമായി ഇസ്രായേല്‍. സിറിയയുടെ പത്ത് സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇറാന്‍ ആയുധ നിര്‍മ്മാണവും സംഭരണവും നടത്തുകയാണെന്നാണ് കണ്ടെത്തല്‍.

ഒപ്പം ആഴ്ചകള്‍ക്കുള്ളില്‍ മൂന്ന് ആണവ മിസൈലുകള്‍വരെ തയ്യാറാക്കാവുന്ന സംവിധാനം ഇറാന്‍ ഒരുക്കിയെന്നുമാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സാണ് ഇറാന്‍ -സിറിയ ആയുധ ഇടപാടുകളെക്കുറിച്ച് വിശദീകരിച്ചത്.

ഇറാന്‍ സിറിയ ആയുധ നിര്‍മ്മാണ സഹകരണം മേഖലയിലെ ഭീകരത വളര്‍ത്തുകയാണ്. ആണവായുധത്തിലേയ്ക്ക് ആ ബന്ധം നീങ്ങുന്നത് ശക്തമായ വെല്ലുവിളിയാണെന്നും ഗാന്റ്സ് പറയുന്നു. വിശദമായ ഭൂപടം വെച്ചും ഉപഗ്രഹചിത്രങ്ങള്‍ വെച്ചുമാണ് ഗാന്റ്സ് ഇറാന്റെ നീക്കം വിശദീകരിച്ചത്. ഹെസബുള്ള ഭീകരരെ പേരെടുത്ത് വിമര്‍ശിച്ച, ഇസ്രായേല്‍ പ്രതിരോധ മന്ത്രി സിറിയയെ ഭീകരതയുടെ വ്യവസായ ശാലയെന്നാണ് വിശേഷിപ്പിച്ചത്.

പലയിടത്തും ഭൂഗര്‍ഭ വ്യവസായ ശാലകള്‍ പണിതാണ് ഇറാന്‍ മറ്റ് രാജ്യങ്ങളില്‍ ആയുധ നിര്‍മ്മാണം നടത്തുന്നതെന്നും ഇസ്രായേല്‍ തെളിവു നിരത്തുകയാണ്. സിറിയിയിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇസ്രായേല്‍ ഇറാനെ കേന്ദ്രീകരിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. യമനിലും ലെബനനിലും ഇറാന്‍ ആയുധ നിര്‍മ്മാണം നടത്തുന്നുവെന്നും ഗാന്റ്സ് കൂട്ടിച്ചേര്‍ത്തു.

 

 

Latest News