സിറിയയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇസ്രയേലിന്റെ മിസൈലാക്രമണം. തീവ്രവാദിഗ്രൂപ്പുകള്‍ക്ക് ഇറാനില്‍നിന്ന് ആയുധങ്ങള്‍ വരുന്നത് തടയുന്നതിന്റെ ഭാഗമായാണ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയത്. ഇറാൻ വിദേശകാര്യമന്ത്രി ഇന്ന് സിറിയയില്‍ എത്താനിരിക്കെയാണ് യുദ്ധത്തിന് മറ്റൊരു മുഖം നല്കുന്ന ആക്രമണം നടന്നത്.
ഗാസ സംഘര്‍ഷം തുടങ്ങിയശേഷം സിറിയയില്‍നിന്ന് ഇസ്രയേലിലേക്ക് ആക്രമണം നടക്കുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സിറിയന്‍ മേഖലയിലേക്ക് ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചത്. ഡമാസ്കസിലെയും വടക്കൻനഗരമായ ആലെപ്പോയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായിരുന്നു മിസൈലാക്രമണം. റണ്‍വേകള്‍ തകര്‍ന്നതോടെ രണ്ടിടത്തും വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു. ആലെപ്പോയില്‍ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായാണ് വിവരം.
യുദ്ധത്തിന്റെ ഭാഗമാകരുതെന്ന അമേരിക്കയുടെ മുന്നറിയിപ്പ് ലംഘിച്ച്, ഹിസ്ബൊള്ള ആക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന് ലെബനൻ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സേനാവിന്യാസവും കൂട്ടിയിട്ടുണ്ട്. ലെബനന് അതിര്‍ത്തിയിലെ ഹിസ്ബൊള്ള കേന്ദ്രങ്ങളിലും ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തി. യുദ്ധഭീതിയെ തുടര്‍ന്ന് ലെബനന് അതിര്‍ത്തിയില്‍നിന്നും ആളുകള്‍ പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.