Monday, November 25, 2024

എല്ലാ ബന്ദികളെയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാനാവില്ലെന്ന് ഇസ്രായേല്‍

ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ നിരവധി ആളുകള്‍ തീര്‍ച്ചയായും ജീവിച്ചിരിപ്പുണ്ടെന്നും എല്ലാ തടവുകാരെയും മോചിപ്പിക്കുന്നതുവരെ യുദ്ധം നിര്‍ത്തുന്നത് അംഗീകരിക്കാന്‍ ഇസ്രയേലിന് കഴിയില്ലെന്നും ഇസ്രായേല്‍ ഉന്നത ഉദ്യോഗസ്ഥന്‍.

പത്ത് പേര്‍ ഉറപ്പായും ജീവിച്ചിരിപ്പുണ്ട്, ഈ വിഷയത്തില്‍ പരസ്യമായി സംസാരിക്കാന്‍ തനിക്ക് അധികാരമില്ലാത്തതിനാല്‍ തന്റെ പേര് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് അവരെ അവിടെ ഉപേക്ഷിക്കാന്‍ കഴിയില്ല, അങ്ങനെ ചെയ്താല്‍ അവര്‍ മരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ ഏഴിന് ഹമാസ് 251 ആളുകളെയാണ് ബന്ദികളാക്കിയത്. അവരില്‍ 116 പേര്‍ ഗാസയില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് ഇസ്രായേല്‍ വിശ്വസിക്കുന്നത്. 41 പേര്‍ മരിച്ചുവെന്ന് സൈന്യം പറഞ്ഞിരുന്നു.

നേരത്തെ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മൂന്ന് ഘട്ട നിര്‍ദ്ദേശം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു, അതില്‍ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതും ഉള്‍പ്പെടുന്നു.

ആദ്യ ഘട്ടത്തില്‍ ആറാഴ്ച നീണ്ടുനില്‍ക്കുന്ന പൂര്‍ണവും സമ്പൂര്‍ണവുമായ വെടിനിര്‍ത്തല്‍ ആണ് ഉള്‍പ്പെടുന്നത്. ഇസ്രായേല്‍ സൈന്യം ഗാസയിലെ എല്ലാ ജനവാസ മേഖലകളില്‍ നിന്നും പിന്‍വാങ്ങണമെന്നും ബൈഡന്‍ പറഞ്ഞു.

 

Latest News