ഗാസയില്‍ തങ്ങളുടെ 21 റിസര്‍വ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന പ്രഖ്യാപിച്ചു. സൈന്യം കര ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ദാരുണമായ സംഭവം ഇസ്രായേല്‍ ജനതയെ ഒന്നാതെ പരിഭ്രമത്തിലാക്കിയിരിക്കുകയാണ്. സൈനികരുടെ മരണം പോരാട്ടത്തിന്റെ ലക്ഷ്യങ്ങള്‍ എത്രയും വേഗം അതിന്റെ പൂര്‍ണതയില്‍ കൈവരിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ദുരന്തത്തെക്കുറിച്ച് ഐഡിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൊന്ന്’ എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ‘യുദ്ധഭൂമിയില്‍ വീണുപോയ നമ്മുടെ വീര പോരാളികളുടെ പ്രിയപ്പെട്ട കുടുംബങ്ങളെ ശക്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ കുടുംബങ്ങള്‍ക്ക്, അവരുടെ ജീവിതം എന്നെന്നേക്കുമായി മാറുമെന്ന് എനിക്കറിയാം. വീരമൃത്യു വരിച്ച നമ്മുടെ വീര സൈനികരെ ഓര്‍ത്ത് ഞാന്‍ വിലപിക്കുന്നു, അവരുടെ കുടുംബങ്ങളെ ഞാന്‍ ആശ്ലേഷിക്കുന്നു, പരിക്കേറ്റവരുടെ അതിജീവനത്തിനായി ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പോരാളികളുടെ കുടുംബങ്ങളെ ഞാന്‍ ആലിംഗനം ചെയ്യുന്നു. നിങ്ങളുടെ പ്രയാസകരമായ സമയത്ത് ഇസ്രായേല്‍ ജനത മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. അവരുടെ ഓര്‍മ്മകള്‍ അനുഗ്രഹമായിരിക്കട്ടെ’. പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞു.
ഹമാസിനെ തകര്‍ത്ത് നശിപ്പിച്ച് എല്ലാ ബന്ദികളെയും തിരിച്ചയക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച് വീരമൃത്യു വരിച്ച നമ്മുടെ വീര സൈനികരുടെ ആത്മാക്കള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. അവരുടെ മരണം വ്യര്‍ഥമാകാതെ ലക്ഷ്യം പൂര്‍ത്തീകരിച്ചേ ഞങ്ങള്‍ മടങ്ങൂ എന്നാണ് ഇസ്രായേലിലെ ജനപ്രതിനിധികളെല്ലാം ഒരേ സ്വരത്തില്‍ പ്രഖ്യാപിക്കുന്നത്.
ഒക്ടോബറില്‍ ഹമാസ് പിടികൂടിയ ബന്ദികളെ തിരികെ കൊണ്ടുവരാനും തങ്ങള്‍ക്കുണ്ടായ കനത്ത നഷ്ടത്തിന് മുന്നില്‍ പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി തുടരാനും യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് ആഹ്വാനം ചെയ്തു. ഇസ്രായേല്‍ക്കാരായ ഏകദേശം 132 പേര് ഇപ്പോഴും ഗാസയില്‍ തടവിലാണ്.