Saturday, April 5, 2025

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രായേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി

മാധ്യമ സ്വാതന്ത്ര്യത്തിന് മേലെ വീണ്ടും വിലങ്ങുവച്ച് ഇസ്രായേല്‍. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ അടച്ച് പൂട്ടിയതിന് പിന്നാലെ അസോസിയേറ്റഡ് പ്രസിന്റെ (എപി) ക്യാമറ പിടിച്ചെടുത്ത് തത്സമയ സംപ്രേഷണം അടച്ച് പൂട്ടി ഇസ്രായേല്‍ പോലീസ്. അല്‍ ജസീറയ്ക്ക് ചിത്രങ്ങള്‍ നല്‍കിയതിലൂടെ അസോസിയേറ്റഡ് പ്രസ് പുതിയ മാധ്യമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

വിലക്കേര്‍പ്പെട്ടതിന് പിന്നാലെ അസോസിയേറ്റഡ് പ്രസ് അടക്കമുള്ള വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നുമായിരുന്നു അല്‍ജസീറ തത്സമയ വീഡിയോകളും മറ്റും ശേഖരിക്കുന്നത്. തെക്കന്‍ ഇസ്രായേലില്‍ നിന്നാണ് എപിയുടെ ഉപകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. തത്സമയ സംപ്രേക്ഷണം നിര്‍ത്തി അടച്ചുപൂട്ടിയെന്ന് എപിയുടെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്റെ വൈസ് പ്രസിഡന്റ് ലോറന്‍ ഈസ്റ്റണ്‍ വ്യക്തമാക്കി.

വടക്കന്‍ ഗാസയിലെ പൊതുവായ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പിന്നാലെയാണ് എപിയുടെ ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ഇസ്രായേലിന്റെ നടപടിയെ അപലപിച്ച് എപി രംഗത്തെത്തി. ‘ഉപകരണങ്ങള്‍ പിടിച്ചെടുത്ത ഇസ്രയേല്‍ സര്‍ക്കാരിന്റെ നടപടിയെ അസോസിയേറ്റഡ് പ്രസ് ശക്തമായി അപലപിക്കുന്നു. വാര്‍ത്തയുടെ ഉള്ളടക്കത്തെ മുന്‍നിര്‍ത്തിയല്ല അടച്ചുപൂട്ടിയത്. മറിച്ച് രാജ്യത്തിന്റെ പുതിയ വിദേശ പ്രക്ഷേപണ നിയമം ഇസ്രായേല്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഞങ്ങളുടെ ഉപകരണം തിരിച്ചുതരണമെന്നും പെട്ടെന്ന്തന്നെ തത്സമയ ഫീഡുകള്‍ പുനസ്ഥാപിക്കാന്‍ അനുവദിക്കണമെന്നും ഇസ്രായേല്‍ അധികാരികളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് മാധ്യമങ്ങള്‍ക്ക് പ്രധാനപ്പെട്ട വിഷ്വല്‍ മാധ്യമപ്രവര്‍ത്തനം നല്‍കാന്‍ സാധിക്കണം’.

 

 

Latest News