ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ അനുശോചന സന്ദേശവുമായി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. ആഴത്തിലുള്ള വിശ്വാസവും അതിരറ്റ കാരുണ്യവുമുള്ള ഫ്രാൻസിസ് പാപ്പയെക്കുച്ച് വാചാലനാവുകയായിരുന്നു അദ്ദേഹം. മുഴുവൻ ക്രിസ്ത്യൻ ലോകത്തിനും, പ്രത്യേകിച്ച് വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു സന്ദേശത്തിലാണ് ഹെർസോഗ് പാപ്പയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ആഴത്തിലുള്ള വിശ്വാസവും അതിരറ്റ കാരുണ്യവുമുള്ള വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ദരിദ്രരെ ഉന്നമിപ്പിക്കുന്നതിനും പ്രശ്‌നഭരിതമായ ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു. ജൂതലോകവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ധാരണയിലേക്കും പരസ്പര ബഹുമാനത്തിലേക്കുമുള്ള ഒരു പാതയായി മതാന്തര സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം വലിയ പ്രാധാന്യം നൽകി. മധ്യപൂർവേഷ്യയിലുടനീളം സമാധാനത്തിനായി ആഗ്രഹിച്ച അദ്ദേഹം, ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ട എല്ലാ ബന്ദികളുടെ തിരിച്ചുവരവിനായി പ്രാർഥിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രാർഥനകൾക്ക് ഉടൻതന്നെ ഒരു നല്ല ഉത്തരം ലഭിക്കുമെന്ന് ഞാൻ ആത്മാർഥമായി പ്രതീക്ഷിക്കുന്നു.” ഈ വാക്കുകളിലൂടെയാണ് മഹാനായ, ആത്മീയപിതാവായ പരിശുദ്ധ ഫ്രാൻസിസ് പാപ്പയുടെ വേർപാടിൽ അദ്ദേഹം ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തിയത്.
പാപ്പയുടെ മരണപ്രഖ്യാപനം കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കുശേഷം നിരവധി അനുശോചന ഫോൺകോളുകളും സന്ദേശങ്ങളും ലഭിച്ചു. അതിൽ ഹെർസോഗ്, താൻ പ്രതിനിധീകരിക്കുന്ന രാജ്യത്തിനുവേണ്ടി നടത്തിയ വ്യക്തിപരമായ ഒരു അനുശോചന ഫോൺകോൾ തന്നെ ആഴത്തിൽ സ്പർശിച്ചതായി ജറുസലേമിലെ അപ്പസ്തോലിക് പ്രതിനിധിയും ഇസ്രായേൽ രാജ്യത്തിന്റെ പ്രതിനിധിയുമായ ആർച്ച്ബിഷപ്പ് അഡോൾഫോ ടിറ്റോ യല്ലാനയും പറയുന്നു.